ജനാലകളും വാതിലുകളും അടച്ചിടണം; പ്രവാസികളടക്കമുള്ളവർക്ക് പ്രത്യേക ജാഗ്രതാ നിർദേശം
Monday 29 December 2025 11:18 AM IST
അബുദാബി: പ്രവാസികളടക്കമുള്ള യുഎഇ നിവാസികൾക്കായി പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം). പൊടിപടലം നിറഞ്ഞ കാലാവസ്ഥ കണക്കിലെടുത്താണ് ജാഗ്രതാ നിർദേശം. പൊടി നിറഞ്ഞ കൊടുങ്കാറ്റിൽ നിന്ന് രക്ഷ നേടുന്നതിനായി യുഎഇ നിവാസികൾ സ്വയം സംരക്ഷണമൊരുക്കണമെന്നും വസ്തുവകകൾ സംരക്ഷിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.
- പൊടിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം.
- വാഹനമോടിക്കുന്ന സമയത്ത് പൊടിയെ നേരിടാനുള്ള മാർഗങ്ങൾ സ്വീകരിക്കണം. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണം.
- പൊടി വീടിനുള്ളിലും കെട്ടിടങ്ങളിലും കടക്കാതിരിക്കാൻ കതകുകളും ജനാലകളും അടച്ചിടണം.
- ഔദ്യോഗിക അറിയിപ്പുകളും നിർദേശങ്ങളും നിരന്തരം ശ്രദ്ധിക്കുക.
- ഔദ്യോഗിക റിപ്പോർട്ടുകൾ മാത്രം കണക്കിലെടുക്കുകയും തെറ്റായ പ്രചാരണങ്ങൾ നടത്താതിരിക്കുകയും ചെയ്യുക.
പൊടിപടലം നിറഞ്ഞ അന്തരീക്ഷം കനക്കുന്ന സാഹചര്യത്തിൽ ഇന്നലെ യുഎഇയിൽ വിവിധയിടങ്ങളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നു. യുഎഇയിൽ ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും എൻസിഎം പറയുന്നു. ചില തീരദേശ, വടക്ക് - കിഴക്കൻ പ്രദേശങ്ങളിൽ മഴയുമായി ബന്ധപ്പെട്ട സംവഹന മേഘങ്ങൾ രൂപം കൊള്ളാൻ സാദ്ധ്യതയുള്ളതായും അറിയിപ്പുണ്ട്.