ഇ - ബസിൽ മന്ത്രി ഗണേഷ് കുമാറിന് തിരുവനന്തപുരം കോർപ്പറേഷന്റെ കൂച്ചുവിലങ്ങ്
തിരുവനന്തപുരം: കോർപ്പറേഷൻ കെഎസ്ആർടിസിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകളെച്ചൊല്ലി വീണ്ടും ചർച്ച. നഗരസഭാ പരിധിയിൽ സർവീസ് നടത്തേണ്ട ബസുകൾ നഗരത്തിന് പുറത്ത് സർവീസ് നടത്തുന്നതിനെതിരെ കോർപ്പറേഷൻ ഭരിക്കുന്ന ബിജെപി ഭരണസമിതി രംഗത്തെത്തിയിരിക്കുകയാണ്.
നഗരത്തിലെ ഇ - ബസുകളെ തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മേയർ വിവി രാജേഷ് ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കോർപ്പറേഷനുമായുള്ള ധാരണയ്ക്ക് വിരുദ്ധമായി കെഎസ്ആർടിസി നടത്തുന്ന ഏകപക്ഷീയമായ നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.
സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ കോർപ്പറേഷന് നൽകിയ 113 ഇലക്ട്രിക് ബസുകൾ നഗരപരിധിക്ക് പുറത്തേക്ക് സർവീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും കെ എസ്ആർടിസിയുടെ ലാഭവും നഷ്ടവും നോക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും വി വി രാജേഷ് വ്യക്തമാക്കി.
പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലായിരുന്ന സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി ഓഫീസുകൾ, ആശുപത്രികൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയവയെ ബന്ധിപ്പിച്ചായിരുന്നു സിറ്റി സർക്കുലർ ബസുകൾ ആരംഭിച്ചത്. 10 രൂപ നിരക്കിലാണ് ഇ - ബസ് ഓടിത്തുടങ്ങിയത്. 113 ഇലക്ട്രിക് ബസുകളാണ് സിറ്റി സർക്കുലറിൽ ഉണ്ടായിരുന്നത്. ഈ ബസുകൾ നഗരത്തിൽത്തന്നെ സർവീസ് നടത്തണമെന്ന് കെഎസ്ആർടിസി കോർപ്പറേഷനുമായി കരാർ ഉണ്ടാക്കിയിരുന്നു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരിഷ്കരണത്തിന്റെ ഭാഗമായാണ് ഈ കരാർ ലംഘിച്ച് ബസുകൾ മറ്റിടങ്ങളിലേക്ക് സർവീസ് നടത്തിത്തുടങ്ങിയത്.
നഗരത്തിലെ ഗതാഗത ആവശ്യങ്ങൾ ശാസ്ത്രീയമായി പഠിച്ച് രൂപകൽപന ചെയ്ത റൂട്ടുകളാണ് സിറ്റി സർക്കുലറിന് വേണ്ടി തയ്യാറാക്കിയത്. തലസ്ഥാന നഗരത്തിലെ വീതി കുറഞ്ഞ ഇടറോഡുകൾക്കനുയോജ്യമായതാണ് ചെറിയ ഇ ബസുകൾ. നഗരത്തിന് പുറത്തേക്ക് യാത്ര നടത്താൻ ആരംഭിച്ചതോടെ പേരും നിരക്കും മാറ്റി. സിറ്റി ഫാസ്റ്റ് എന്ന പേരിലാണ് നഗരത്തിന് പുറത്ത് ബസ് സർവീസ് നടത്തുന്നത്.