'അവരുടെ വിഷമം മനസിലാക്കാൻ ഭാഷ വേണ്ടിവന്നില്ല'; വിമർശനങ്ങൾക്ക് മറുപടിയുമായി എ എ റഹീം എംപി

Monday 29 December 2025 11:25 AM IST

തിരുവനന്തപുരം: കർണാടകയിലെ ബുൾസോഡർ രാജിനെതിരെ ഇംഗ്ലീഷിൽ പ്രതികരിച്ചതിൽ സോഷ്യൽ മീഡിയയിൽ ഉയരുന്ന ട്രോളുകൾക്ക് മറുപടിയുമായി എ എ റഹീം എംപി. ഭാഷാപരമായി പരിമിതിയുണ്ടെങ്കിലും അതുകാരണം പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും അദ്ദേഹം ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. പരിഹസിക്കുന്നവരോട് പിണക്കമില്ലെന്നും ഭാഷ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും റഹീം കൂട്ടിച്ചേർത്തു.

'എന്റെ ഭാഷയുടെ പരിമിതി പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് ഉറച്ചുവിശ്വസിക്കുന്നയാളാണ് ഞാൻ. ആ പരിമിതിയെ ഊന്നിക്കൊണ്ട് ട്രോളുന്നവരോട് ഒരു വിരോധവുമില്ല. അത് മെച്ചപ്പെടുത്താൻ ശ്രമിക്കും. ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നവരെ കാത്തിരുന്നുവെങ്കിൽ എനിക്ക് ഹരിയാനയിലെ നൂഹിൽ പോകാൻ കഴിയുമായിരുന്നില്ല, പാർട്ടി മണിപ്പൂരിലേക്ക് പോകാൻ പറയുമ്പോൾ ജനങ്ങളുടെ അരികിലേക്ക് പോകാൻ കഴിയുമായിരുന്നില്ല. ഭാഷ അറിയില്ലെങ്കിലും അവരുടെ വിഷമത്തിന്റെ ഭാഷ മനസിലാക്കാൻ ഇംഗീഷ് വേണ്ടിവന്നില്ല. എന്റെ ഭാഷ മനസിലാക്കാൻ അവർക്ക് പ്രയാസമുണ്ടായിരുന്നില്ല. അവരും പ്രാദേശിക ഭാഷയാണ് സംസാരിക്കുന്നത്. ഒരു എംപിയെ ആദ്യമായാണ് അടുത്ത് കാണുന്നതെന്നും അവർ എന്നോട് പറഞ്ഞു'- റഹീം എംപി കൂട്ടിച്ചേർത്തു.

ബംഗളൂരു യെലഹങ്കയിൽ വീട് നഷ്ടപ്പെട്ടവരെ സന്ദർശിക്കുന്നതിനിടയിൽ ഒരു ദേശീയ മാദ്ധ്യമത്തിന് റഹീം എംപി നൽകിയ അഭിമുഖമാണ് ട്രോളുകൾക്ക് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഫേസ്ബുക്കിലും കുറിപ്പ് പങ്കുവച്ചിരുന്നു. മനുഷ്യരുടെ വിഷമങ്ങൾക്ക് ഒരു ഭാഷയേയുള്ളൂവെന്നായിരുന്നു റഹീം കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്

എന്റെ ഇംഗ്ലിഷിനെ ട്രോളുന്നവരോട്. എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങൾക്ക്. ഒരു ഭാഷയേ ഉള്ളൂ. ഭരണകൂട ഭീകരതയുടെ നേർകാഴ്ചകൾ തേടിയാണ് അവിടേയ്ക്കുചെന്നത്. ശബ്ദമില്ലാത്ത, എല്ലാം നഷ്ടപ്പെട്ട ആയിരത്തോളം ദുർബലരായ ഇരകളെയാണ് ഞങ്ങൾക്ക് അവിടെ കാണാനായത്. ആ യാത്രയെക്കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ, അവരുടെ ശബ്ദം ഇന്ന് എല്ലാ മാദ്ധ്യമങ്ങളും ഏറ്റെടുക്കുന്നു.

ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകൾ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് നിങ്ങൾ ഇപ്പോൾ സംസാരിക്കാൻ നിർബന്ധിതരായിരിക്കുന്നു. എന്റെ ഇംഗ്ലിഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല. എന്റെ ഭാഷ ഞാൻ തീർച്ചയായും ഇനിയും കൂടുതൽ മെച്ചപ്പെടുത്തും. പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന നിരവധിപേർ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ? അവരെ ആരെയും ഇവിടെയെന്നല്ല, ബുൾഡോസറുകൾ ജീവിതം തകർത്ത ദുർബലരുടെ അരികിൽ ഒരിടത്തും കണ്ടിട്ടില്ല.

എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചുനോക്കുമ്പോൾ, നിങ്ങളുടെ സർക്കാർ പറഞ്ഞയച്ച ബുൾഡോസറുകൾ തകർത്ത വീടുകളും, അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങൾ കാണാതെ പോകരുത്. എന്റെ ഭാഷയെ ട്രോളുന്ന തിരക്കിൽ ആ ദുർബലരായ മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രക്ഷപ്പെടാൻ ശ്രമിക്കരുത്. ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകും, ഒറ്റപ്പെട്ടുപോയവരെ ചേർത്തുപിടിക്കും.