അതിരുവിട്ട് അശ്ലീല പ്രദർശനവുമായി മദ്ധ്യവയസ്കൻ; സ്വന്തം മകളുടെ പ്രായമെന്ന് ചുട്ട മറുപടി നൽകി യുവഗായിക
ന്യൂഡൽഹി: ഗാനമേളയ്ക്കിടെ അശ്ലീല പ്രദർശനം നടത്തിയ മദ്ധ്യവയസ്‌കനോട് പരസ്യമായി പ്രതികരിച്ച് യുവഗായിക. '52 ഗജ് കാ ദാമൻ' എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയയായ പ്രിഞ്ചൽ ദാഹിയയാണ് സദസിലിരുന്ന് തന്നോട് മോശമായി പെരുമാറിയ മദ്ധ്യവയസ്‌കനോട് പ്രതികരിച്ചത്. താൻ മകളുടെ പ്രായമുള്ള കുട്ടിയാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു യുവതി സ്റ്റേജിൽ നിന്ന് മറുപടി നൽകിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയിൽ വൈറലാണ്.
തുടർന്ന് എല്ലാവരും സഹകരിച്ചാൽ മാത്രമേ പരിപാടി തുടരുകയുള്ളൂ എന്ന് നിലപാടെടുത്ത പ്രിഞ്ചലിനെ സോഷ്യൽ മീഡിയയിൽ നിരവധി പേർ പ്രശംസിച്ചു. ഇന്നലെ നടന്ന തത്സമയ സംഗീത പരിപാടിക്കിടെയാണ് സംഭവം നടന്നത്. അതിനു പിന്നാലെ വേദിയിലേക്ക് ചാടിക്കയറാൻ ശ്രമിച്ച കാണികൾക്ക് മുന്നറിയിപ്പ് നൽകി.
അതേസമയം മറ്റൊരു സംഭവത്തിൽ, പ്രശസ്ത ഗായകൻ കൈലാഷ് ഖേറും കാണികളുടെ മോശം പെരുമാറ്റത്തിനെതിരെ തുറന്നടിച്ചു. ഡിസംബർ 25ന് ഗ്വാളിയോറിൽ നടന്ന സംഗീത നിശയ്ക്കിടെയായിരുന്നു സംഭവം. ഗായകനെ അടുത്തുകാണാനായി ബാരിക്കേഡുകൾ ചാടിക്കടന്നും വരികൾ തെറ്റിച്ചും ആരാധകർ സ്റ്റേജിന് അടുത്തേക്ക് ഇരച്ചെത്തി.
തിരക്ക് നിയന്ത്രണാതീതമായതോടെ കൈലാഷ് ഖേർ പാട്ട് നിർത്തുകയും, മൃഗങ്ങളെപ്പോലെ പെരുമാറരുതെന്ന് കാണികളോട് അദ്ദേഹം ആക്രോശിക്കുകയുമായിരുന്നു. അച്ചടക്കം പാലിച്ചില്ലെങ്കിൽ പരിപാടി അവസാനിപ്പിക്കുമെന്നും കൈലാഷ് മുന്നറിയിപ്പ് നൽകിയിരുന്നു.