ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവിന് ക്രൂര മർദനം; പരാതിയുമായി ബന്ധുക്കൾ

Monday 29 December 2025 2:06 PM IST

തൃശൂർ: ആളുമാറി കസ്റ്റഡിയിൽ എടുത്ത യുവാവിനെ വിയ്യൂ‌ർ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. കുറ്റൂർ ചാമക്കാട് പുതുകുളങ്ങരയിൽ പി എസ് ശരത്തിനാണ് (31) മർദനമേറ്റത്. യുവാവിന്റെ ദേഹമാസകലം ലാത്തി ഉപയോഗിച്ച് അടിച്ചതിന്റെ പാടുകളുണ്ട്. നെയ്തലക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ അടിപിടിയുടെ പേരിൽ ശരത് എന്ന് പേരുള്ളയാളെ പൊലീസ് തെരയുന്നുണ്ടായിരുന്നു.

കാപ്പാ കേസിലടക്കം പ്രതിയായ പി എസ് ശരത്താണ് ഈ അടിപിടിക്കേസിലും പ്രതിയെന്ന് തെറ്റിദ്ധരിച്ചാണ് മർദനം നടന്നതെന്ന് പറയുന്നു. സഹോദരൻ രാജീവിന്റെ വീട്ടിലെത്തിയാണ് ശരത്തിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ബന്ധുക്കൾ കമ്മിഷണർക്ക് അടക്കം പരാതി നൽകി. കഴിഞ്ഞ ദിവസം രാത്രി 10.30ന് വീട്ടിലേക്ക് കയറിവന്ന പൊലീസുകാർ ശരത്തിനെ തലങ്ങും വിലങ്ങും മർദിച്ചെന്നും ലാത്തി കൊണ്ട് പുറത്തും വയറ്റിലും അടിച്ചെന്നും പരാതിയിലുണ്ട്. ഉന്തിത്തള്ളി ജീപ്പിൽ കയറ്റിയപ്പോൾ തലയിടിച്ചും പരിക്കേറ്റു.