ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാർ അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാർ അറസ്റ്റിൽ. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്‌മകുമാർ അദ്ധ്യക്ഷനായ ബോർഡിലെ അംഗമായിരുന്നു. വിജയകുമാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.
സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദേശിച്ചുവെന്നാണ് വിജയകുമാർ പറഞ്ഞത്. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തീർത്തും നിരപരാധിയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും മുൻകൂർ ജാമ്യപേക്ഷ പിൻവലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹെെക്കോടതി നിരീക്ഷിച്ചിരുന്നു. പത്‌മകുമാറിനെ അറസ്റ്റ് ചെയ്‌തെങ്കിലും ബോർഡ് മുൻ അംഗങ്ങളായ കെ പി ശങ്കരദാസ്, എൻ വിജയകുമാർ എന്നിവരിലേക്ക് അന്വേഷണം നീണ്ടില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും ഹെെക്കോടതി നേരത്തെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയകുമാറിനെ അറസ്റ്റ് ചെയ്തത്. ശബരിമലയിലെ കാര്യങ്ങൾ താൻ ഒറ്റയ്ക്ക് തീരുമാനിച്ചതല്ലെന്നും ഭരണസമിതിയോട് ആലോചിച്ചാണ് തീരുമാനമെടുത്തതെന്നുമായിരുന്നു പത്മകുമാറിന്റെ മൊഴി.
അന്വേഷണത്തിന്റെ വിശ്വാസ്യത സംശയം ജനിപ്പിക്കുന്നതാണെന്നും പ്രതിച്ചേർക്കുന്നവരുടെ കാര്യത്തിൽ വിവേചനം കാണിക്കുന്നുണ്ടെന്നുമാണ് ഹൈക്കോടതി വിമർശിച്ചത്. 2019ലെ ദേവസ്വം ബോർഡംഗങ്ങൾക്കും തന്ത്രിക്കും കുരുക്കാവുന്ന മൊഴികളും വിവരങ്ങളും കിട്ടിയിട്ടുണ്ടെങ്കിലും എസ്ഐടി അവരോട് മൃദുനിലപാടെടുക്കുന്നുവെന്ന ആരോപണമുണ്ട്. രാഷ്ട്രീയ നേതൃത്വത്തിലേക്കും അന്വേഷണം നീണ്ടിട്ടില്ല. പോറ്റി ശബരിമലയിൽ പ്രവർത്തിച്ചിരുന്നത് തന്ത്രി കുടുംബത്തിന്റെ ആളായിട്ടാണെന്നും ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണെന്നുമാണ് പത്മകുമാറിന്റെ വെളിപ്പെടുത്തൽ. രണ്ട് തന്ത്രിമാരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല.