അങ്കമാലി - കുണ്ടന്നൂർ ബൈപ്പാസ് മന്ത്രി തുരങ്കം വച്ചെന്ന് കോൺഗ്രസ്; എം.പിമാരുടെ പിടിപ്പുകേടെന്ന് മന്ത്രി
കൊച്ചി: നഗരക്കുരുക്കിൽപ്പെടാതെ അങ്കമാലി കരയാപറമ്പ് മുതൽ കുണ്ടന്നൂരിലേക്ക് ആറുവരിപ്പാത എന്ന് കൊട്ടിഘോഷിക്കപ്പെട്ട അങ്കമാലി - കുണ്ടന്നൂർ ബൈപ്പാസ് വൈകാൻ കാരണം ഇടതുപക്ഷമെന്ന് കോൺഗ്രസ്. വിഷയത്തിൽ കോൺഗ്രസ് എം.പിമാരായ ഹൈബി ഈഡനും ബെന്നി ബെഹനാനും മന്ത്രി പി. രാജീവും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. ആയിരക്കണക്കിനാളുകൾക്ക് ഉപകാരപ്രദമാകുന്ന പദ്ധതിക്ക് ജില്ലയിൽ നിന്നുള്ള മന്ത്രി ഉൾപ്പെടെയാണ് തുരങ്കം വച്ചതെന്ന് ഇരു എം.പിമാരും തുറന്നടിച്ചു. എൻ.എസ്.കെ. ഉമേഷ് കളക്ടറായിരുന്നപ്പോൾ ആറു മാസം മുൻപാണ് നാഷണൽ ഹൈവേ അതോറിട്ടി ഉദ്യോഗസ്ഥരെയും മറ്റ് വകുപ്പുകളെയും ഉൾപ്പെടുത്തി എം.പിമാർ യോഗം വിളിച്ചത്. ത്രീ എ നോട്ടിഫിക്കേഷൻ, സർവേ, അധിക സർവേയർമാരെ കണ്ടെത്തൽ തുടങ്ങിയ ചർച്ചകൾക്കുവേണ്ടിയാണ് യോഗം വിളിച്ചത്.
എന്നാൽ യോഗം മാറ്റി വയ്ക്കണമെന്നും ജില്ലയിലെ മന്ത്രിയെന്ന നിലയിൽ താൻ യോഗം വിളിക്കാമെന്നും അതിലേക്ക് എം.പിമാരെയും മറ്റ് ജനപ്രതിനിധികളെയും ക്ഷണിക്കാമെന്നും മന്ത്രിയുടെ ഓഫീസ് കളക്ടറെ അറിയിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിൽ കളക്ടർ തങ്ങളോട് ആലോചിച്ച ശേഷം യോഗം മാറ്റിവച്ചുവെന്നും എം.പിമാർ കുറ്റപ്പെടുത്തി. ഉടനെ വിളിക്കാമെന്നു പറഞ്ഞ യോഗം പിന്നീട് മൂന്ന് മാസത്തിനു ശേഷമാണ് ചേർന്നതെന്നും ഇത് വലിയ നഷ്ടങ്ങളിലേക്ക് നയിച്ചുവെന്നും പദ്ധതിയെ തകിടം മറിച്ചുവെന്നും എം.പിമാർ കേളകൗമുദിയോട് പറഞ്ഞു.
യോഗം നീട്ടിയതോടെയാണ് ത്രീ എ നോട്ടിഫിക്കേഷൻ വൈകിയതും എൻ.എച്ച്.എ.ഐ ഇപ്പോൾ ട്രാഫിക് സർവേ കൂടി നടത്താൻ തീരുമാനിച്ചതെന്നും എം.പിമാർ കുറ്റപ്പെടുത്തി. പദ്ധതി ഇനി എത്രനാൾ വൈകുന്നോ അതിന്റെ ഉത്തരവാദിത്വവും സർക്കാരിനായിരിക്കുമെന്നും എം.പിമാർ തുറന്നടിച്ചു.
എം.പിമാരുടെ പിടിപ്പുകേടെന്ന് മന്ത്രി
വസ്തുതകൾ മറച്ചുവച്ചാണ് എം.പിമാർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മന്ത്രി പി. രാജീവ് കേരളകൗമുദിയോട് പറഞ്ഞു. എം.പിമാരെ പങ്കെടുപ്പിച്ച് യോഗം ചേർന്നിരുന്നു. 48 അധിക സർവേയർമാരെ നിയോഗിച്ചു. ഇതിനെല്ലാം പുറമേ എം.പിമാരില്ലെങ്കിലും എല്ലാ മാസവും കൃത്യമായി യോഗങ്ങൾ ചേർന്ന് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി കാലതാമസം കൂടാതെ നടപ്പാക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രത്തിന്റെ ശ്രദ്ധയിലെത്തിക്കാൻ ശ്രമം നടത്തുന്നതിനു പകരം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുകയല്ല വേണ്ടതെന്നും മന്ത്രി പറഞ്ഞു.
ഹൈവേ പദ്ധതി നിലവിലെ അലൈൻമെന്റ് കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി
ഏറ്റെടുക്കുന്നത്---- 290.058 ഹെക്ടർ
ഏറ്റെടുക്കേണ്ട സ്ഥലത്തിന് പലയിടത്തും പലവിപണിവിലയെന്നത് വെല്ലുവിളി
സമീപത്തെ ജനവാസ മേഖലകളും വെല്ലുവിളി
അങ്കമാലി കുണ്ടന്നൂർ ബൈപ്പാസ്
അങ്കമാലിക്ക് അടുത്ത് മുതൽ കുണ്ടന്നൂർ വരെ ആറുവരി ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ
അങ്കമാലിക്ക് വടക്ക് കരയാംപറമ്പ് മുതൽ ആലുവ, കണയന്നൂർ, കുന്നത്തുനാട് താലൂക്കുകളിലൂടെ കുണ്ടന്നൂർ വരെ
നീളം: 44.7 കിലോമീറ്റർ
വീതി: ആറുവരിപ്പാത
നിലവിലെ അവസ്ഥ: ഭൂമി ഏറ്റെടുക്കലിനായുള്ള സർവേ ജോലികൾ നടക്കുന്നു, 3എ പുനർവിജ്ഞാപനത്തിന് നീക്കം
ആലോചന: എട്ടു വരിപ്പാതയാക്കൽ പരിഗണനയിൽ