'ഇതാണ് ബിജെപിയുടെ ഡിഎൻഎ'; കുളത്തിൽ വീണ കുട്ടിയെ രക്ഷിച്ച സ്ഥാനാർത്ഥിയെ അഭിനന്ദിച്ച് രാജീവ് ചന്ദ്രശേഖർ

Monday 29 December 2025 5:35 PM IST

തിരുവനന്തപുരം: കുളത്തിൽ വീണ പത്തുവയസുകാരനെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച ബിജെപി സ്ഥാനാർത്ഥിക്ക് അഭിനന്ദനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഴിഞ്ഞം വാർഡിലെ എൻഡിഎ സ്ഥാനാർത്ഥി സർവശക്തിപുരം ബിനുവാണ് കുട്ടിക്ക് രക്ഷകനായത്. വിഴിഞ്ഞം ചിറയിക്കോട് കുളത്തിലാണ് കുട്ടി വീണത്. ബിനുവിന് രക്ഷാപ്രവർത്തനത്തിനിടെ പരിക്കേൽക്കുകയും ചെയ്തു.

വിഴിഞ്ഞം സ്വദേശിയായ മുഹമ്മദ് അഫ്‌സാൻ എന്ന പത്തുവയസുകാരൻ സൈക്കിളുമായി കുളത്തിലേയ്ക്ക് വീഴുകയായിരുന്നു. പ്രവർത്തകർക്കൊപ്പം വോട്ട് അഭ്യർത്ഥിക്കുന്നതിനിടെയാണ് ബിനു അപകടം കണ്ടത്. ഉടനെ കുളത്തിലേയ്ക്ക് എടുത്തുചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയെ സുരക്ഷിതമായി കരയ്ക്കെത്തിച്ചെങ്കിലും ബിനുവിന് വലതുകാലിന് ഗുരുതരമായി പരിക്കേറ്റു. പരിശോധനയിൽ കാലിലെ ലിഗമെന്റ് പൊട്ടിയതായും കണ്ടെത്തി. അഫ്‌സാനും അപകടത്തിൽ ചെറിയ പരിക്കുകളുണ്ട്. ബിനുവിന്റെ സാഹസിക രക്ഷാപ്രവ‌ർത്തനത്തെ അഭിനന്ദിച്ചുകൊണ്ടുള്ള രാജീവ് ചന്ദ്രശേഖറിന്റെ സാമൂഹിക മാദ്ധ്യമക്കുറിപ്പാണ് ശ്രദ്ധനേടുന്നത്.

കുറിപ്പിന്റെ പൂർണരൂപം

ഒരു ബിജെപി കാര്യകർത്താവിന്റെ നിർവചനം എന്താണെന്നുള്ളത് ഇന്നത്തെ ദിവസം വീണ്ടും എന്നെ ഓർമിപ്പിച്ചു. മടികൂടാതെയുള്ള നിസ്വാർത്ഥ സേവനമാണത്.

വിഴിഞ്ഞത്ത് മുഹമ്മദ് അഫ്സാൻ എന്ന ബാലൻ സർവശക്തപുരത്തിനടുത്തുള്ള ഒരു കുളത്തിൽ വീണു. രണ്ടാമതൊന്ന് ആലോചിക്കാതെ വിഴിഞ്ഞം വാർഡിലെ നമ്മുടെ ബിജെപി കാര്യകർത്താവും എൻഡിഎ സ്ഥാനാർത്ഥിയുമായ ബിനു സഹായത്തിനായി ഓടിയെത്തി.

സ്വന്തം ജീവൻ പണയപ്പെടുത്തി ബിനു കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചടുപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റു. പക്ഷേ അദ്ദേഹത്തിന് പ്രധാനമായ ഒരേയൊരു കാര്യം അഫ്സാൻ സുരക്ഷിതനായിരുന്നു എന്നതാണ്. ഇത് ബിജെപി അല്ലെങ്കിൽ എൻഡിഎയുടെ ഡിഎൻഎ ആണ്.

ഞങ്ങൾക്ക് പൊതുസേവനം തിരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയമല്ല. അത് സഹജാവബോധമാണ്. അത് ഉത്തരവാദിത്തമാണ്. വിവേചനമോ കണക്കുകൂട്ടലോ ഇല്ലാതെ ഓരോ മലയാളിക്കും വേണ്ടിയുള്ള സേവനമാണ്. ബിനുവിനെക്കുറിച്ച് അഭിമാനിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട സമയത്ത് മുന്നോട്ട് വരുന്ന ഓരോ കാര്യകർത്താവിനെക്കുറിച്ചും അഭിമാനിക്കുന്നു. ഇതാണ് ബിജെപി അല്ലെങ്കിൽ എൻഡിഎ രീതി.