സേവ് ബോക്സ് ആപ്പ് തട്ടിപ്പുകേസ്; ജയസൂര്യയെ ഇഡി ചോദ്യം ചെയ്തു വിട്ടയച്ചു
കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പുകേസിൽ നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു. നടന്റെ ഭാര്യ സരിതയുടെയും മൊഴിയെടുത്തു. ജയസൂര്യയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സരിതയാണ്. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നു. കൊച്ചി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.
ഓൺലൈൻ ലേല ആപ്പ് ആയ സേവ് ബോക്സിന്റെ പേരിൽ വൻ തട്ടിപ്പ് നടന്നതായി മുൻപും കണ്ടെത്തിയിരുന്നു. രണ്ട് കോടി രൂപ വാഗ്ദാനം ചെയ്താണ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറാകാൻ നടനെ ക്ഷണിച്ചത്. ആപ്പിന്റെ പരസ്യങ്ങളിലും നടൻ അഭിനയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ജയസൂര്യയെ രണ്ടാം തവണയാണ് ചോദ്യം ചെയ്യുന്നത്. സേവ് ബോക്സ് എന്ന പേരിൽ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന പേരിൽ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ തൃശൂർ സ്വദേശിക്കെതിരെ പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.