യൂറിയ ക്ഷാമം രൂക്ഷം; കർഷകർ നെട്ടോട്ടത്തിൽ

Tuesday 30 December 2025 1:07 AM IST
urea

പാലക്കാട്: രണ്ടാം വിള നെൽകൃഷിക്ക് വളപ്രയോഗത്തിന് യൂറിയ കിട്ടാതെ കർഷകർ നെട്ടോട്ടത്തിൽ. യൂറിയ ലഭിക്കുന്നിടത്ത് മറ്റു വളങ്ങളെടുക്കാൻ കർഷകരെ നിർബന്ധിക്കുകയാണ് രാസവളകമ്പനികളെന്നും കർഷകർ പരാതിപ്പെടുന്നു. സാധരണയായി 50കി.ഗ്രാം അടങ്ങിയ ഒരു ചാക്ക് യൂറിയ 330 രൂപയ്ക്കാണ് ലഭിച്ചിരുന്നത്. എന്നാൽ ഈ വിലയ്ക്ക് യൂറിയ കിട്ടണമെങ്കിൽ മറ്റുത്പന്നം 5കി.ഗ്രാമിന് 650 രൂപ ഈടാക്കി വാങ്ങണം. ഒരു ലോഡ് യൂറിയ 9,000 കിലോഗ്രാമാണ്. ഇതിന് 53,190 രൂപ വിലവരും. വിതരണക്കാർ കർഷകരുടെ മേൽ കെട്ടിവെക്കുകയാണ് ഇത്തരം വളങ്ങൾ. ചില സ്വകാര്യ ഏജൻസികൾ യൂറിയ അമിത വിലയ്ക്കും വിൽക്കുന്നുണ്ട്. ഇന്ത്യയിൽ ആവശ്യമുള്ള യൂറിയയുടെ 50 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. കമ്പനികൾ അവസരം മുതലെടുത്ത് കർഷകരെ സമ്മർദ്ദത്തിലാക്കുന്നതിൽ പ്രതിഷേധത്തിലാണ് കർഷകർ. ഇതിനെതിരെ ബന്ധപ്പെട്ട അധികാരികൾ കർശനനടപടിയെടുക്കണമെന്ന് തോണിപ്പാടം അമ്പലക്കാട് പാടശേഖരസമിതി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് പി.ആർ.രാജൻ, സെക്രട്ടറി ജി.മുരളീധരൻ, ട്രഷറർ യു.ഷാജഹാൻ, ടി.കൃഷ്ണദാസ്, കെ.കേശവൻ ,എ.പ്രവീണൻ, ടി.കെ.ശിവദാസ്, കെ.എസ്.ഇസ്മയിൽ, ടി.ദേവദാസ്, യു.ഹുസൈൻ എന്നിവർ സംസാരിച്ചു.

ക്ഷാമം വിളവിനെ ബാധിക്കും

യൂറിയാക്ഷാമം നെൽച്ചെടിയുടെ വളർച്ചയേയും വിളവിനേയും പ്രതികൂലമായി ബാധിക്കും. നടീൽ കഴിഞ്ഞും, ചെടിയുടെ വളർച്ചാ ഘട്ടത്തിലും, കതിര് വരുന്നതിന് മുൻപും എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലാണ് വളപ്രയോഗം നടത്തേണ്ടത്. ജനുവരി 15നകം മൂന്നാം വളം ഇടേണ്ടതാണ്. നെൽച്ചെടി തഴച്ചുവളരാനും കൂടുതൽ ചിനപ്പ് പൊട്ടാനും നൈട്രജൻ അനിവാര്യമാണ്. ഒന്നാംവിള നെൽക്കൃഷി ഏക്കറിന് ആയിരം കിലോഗ്രാം പോലും വിളവ് കിട്ടാതെ വൻ നഷ്ടമായിരുന്നു. ഈ നഷ്ടം രണ്ടാംവിളയുടെ മികച്ച വിളവിൽ നികത്താമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. കനാൽവെള്ളവും കാലാവസ്ഥയും പൊതുവേ അനുകൂലമായിരിക്കെ യൂറിയാ ക്ഷാമം എല്ലാം തകിടംമറിക്കുന്ന സ്ഥിതിയിലേക്കാണ് പോകുന്നത്.