പുതുവത്സരാഘോഷം : ഫോർട്ടുകൊച്ചിയിൽ വൻസുരക്ഷ, കനത്ത പൊലീസ് കാവൽ

Tuesday 30 December 2025 3:17 AM IST

ഫോർട്ടുകൊച്ചി: കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ അവലോകന യോഗം ചേർന്നു. 31ന് പരേഡ് ഗ്രൗണ്ടിലും വെളി ബീച്ചിലുമായി നടക്കുന്ന പുതുവത്സരാഘോഷങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ വിലയിരുത്തി.

ആഘോഷ പരിപാടികളുടെ ഭാഗമായി ക്രമസമാധാന ചുമതലയ്ക്കായി കൂടുതൽ പൊലീസിനെ വിന്യസിക്കും. പാർക്കിംഗ് സൗകര്യങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ, സി.സിടിവി സംവിധാനങ്ങൾ എന്നിവ പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കും. പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കും. താത്കാലികമായി സ്ഥാപിക്കുന്ന ഭക്ഷ്യസ്റ്റാളുകളിൽ കോർപ്പറേഷന്റെയും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ പരിശോധനകൾ നടത്തും. ജലലഭ്യത ഉറപ്പാക്കുന്നതിനായി വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രവർത്തനങ്ങളും നടക്കും. തിരക്ക് പരിഗണിച്ച് ജങ്കാർ സർവീസ്, വാട്ടർ മെട്രോ, സി വാട്ടർ ബോട്ട് സർവീസ് തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കെ.എസ്.ആർ.ടി.സി ഏഴ് ബസുകളും സ്പെഷ്യൽ പെർമിറ്റ് ലഭിക്കുന്ന സ്വകാര്യ ബസുകളും അധികമായി സർവീസ് നടത്തും. ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം ബയോ-ടോയ്ലറ്റ് സംവിധാനങ്ങളും ഒരുക്കും. ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആവശ്യമായ ലൈറ്റിംഗ് സംവിധാനങ്ങൾ പ്രദേശങ്ങളിൽ സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങളിൽ സ്ക്യൂബ ടീമിന്റെയും സിവിൽ ഡിഫൻസ് ടീമിന്റെയും സേവനങ്ങൾ പ്രയോജനപ്പെടുത്തും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആംബുലൻസ് സൗകര്യങ്ങളും മെഡിക്കൽ ടീമുകളുടെ സേവനവും ഉറപ്പാക്കും.

പുതുവത്സര രാവിൽ കത്തിക്കുന്ന പാപ്പാഞ്ഞിയുടെ നിർമ്മാണം പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച് സുരക്ഷഉറപ്പാക്കും. ജനറേറ്റർ ഉൾപ്പെടെയുള്ള വൈദ്യുതി സംവിധാനങ്ങൾ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തും. പ്രദേശത്തെ വൈദ്യുതി ലഭ്യത നിലനിർത്തുന്നതിനായി കെ.എസ്.ഇ.ബിക്കും നിർദേശം നൽകിയിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പരേഡ് ഗ്രൗണ്ടിലും വെളി ഗ്രൗണ്ടിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കോഓർഡിനേഷൻ സെന്ററുകൾ ഒരുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.