ബന്ധം തുടരണോ വേണ്ടയോ? ഈ ഒരു ചോദ്യവും അതിനുള്ള ഉത്തരവും മാത്രം മതി തീരുമാനമെടുക്കാന്‍

Monday 29 December 2025 8:59 PM IST

ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കാത്തവരും വൈകാരികമായ അടുപ്പം സൂക്ഷിക്കാത്തവരുമാണ് യുവതലമുറയെന്ന് പറയാറുണ്ട്. എന്നാല്‍ ഇത്തരമൊരു പൊതുവത്കരണത്തെ എതിര്‍ത്ത് പുതുതലമുറയില്‍പ്പെട്ടവര്‍ തന്നെ രംഗത്ത് വരാറുമുണ്ട്. ഒരു ബന്ധം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ആധുനിക കാലത്ത് കൂടുതല്‍ സൗകര്യങ്ങളുണ്ടെന്നും അത് പുതിയ തലമുറ കൃത്യമായി ഉപയോഗിക്കുന്നുണ്ട് എന്നുമാണ് ഇവരുടെ വാദം.

ഒരാള്‍ നമുക്ക് പറ്റിയ പങ്കാളിയാണോ അല്ലെയോ എന്നറിയാന്‍ ഇന്ന് നിരവധി മാര്‍ഗങ്ങളാണുള്ളത്. ഒരുമിച്ച് മുന്നോട്ട് പോകുന്നത് ഇരുവര്‍ക്കും നല്ലതല്ലെന്ന് മനസ്സിലാക്കിയാല്‍ സൗഹൃദം നിലനിര്‍ത്തി തന്നെ ബന്ധം അവസാനിപ്പിക്കുന്നതാണ് പുതിയ ട്രെന്‍ഡ്. ബന്ധങ്ങളുടെ നിലനില്‍പ്പ് അറിയുന്നതിനായി പലതരം തിയറികളാണ് ഇന്ന് ഉപയോഗിക്കുന്നത്. അത്തരത്തിലൊന്നാണ് ബേര്‍ഡ് തിയറി. നിങ്ങളുടെ പങ്കാളിക്ക് എത്രത്തോളം താത്പര്യം ബന്ധം തുടരുന്നതിന് ഉണ്ടെന്ന് ഈ തിയറി ഉപയോഗിച്ച് മനസ്സിലാക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്.

എന്താണ് ബേര്‍ഡ് തിയറി: നിങ്ങള്‍ ശരിയായ പങ്കാളിക്ക് ഒപ്പമാണോ, അവര്‍ക്ക് നിങ്ങളോട് വൈകാരികമായ അടുപ്പമുണ്ടോ എന്നിവ അറിയാന്‍ ഒരു വാചകം മാത്രം മതിയെന്നാണ് ബേര്‍ഡ് തിയറിയില്‍ പറയുന്നത്. 'ഞാന്‍ ഇന്ന് ഒരു പക്ഷിയെ കണ്ടു'. ഇതിനോട് പങ്കാളി എത്തരത്തില്‍ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ച് ആ ബന്ധത്തിന്റെ പോക്ക് വിലയിരുത്താം എന്നാണ് പുതുതലമുറയുടെ കണ്ടെത്തല്‍.

എന്നാല്‍ പക്ഷിയെ കണ്ടു എന്ന് കേള്‍ക്കുമ്പോള്‍ അതേക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആകാംക്ഷയോടെ ഏത് പക്ഷി, എവിടെ വച്ച് കണ്ടു, ഏതു നിറത്തിലുള്ള പക്ഷി തുടങ്ങിയ മറു ചോദ്യങ്ങള്‍ ഉണ്ടായാല്‍ പിന്നെ പേടിക്കേണ്ട. അതൊരു പോസിറ്റിവ് സൈനാണ്. നേരെമറിച്ച് യാതൊരു താല്‍പര്യവുമില്ലാതെ ആ വാചകം പാടെ അവഗണിക്കുകയോ മറുപടി പറയാതിരിക്കുകയോ പരിഹസിക്കുകയോ ചെയ്താല്‍ അത് വൈകാരിക അടുപ്പം കുറവാണെന്നതാണ് കാണിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ ഈ തിയറിയെ വിമര്‍ശിക്കുന്നവരും കുറവല്ല. ഒരാളുടെ മാനസികാവസ്ഥ വ്യത്യസ്തപ്പെട്ടിരിക്കാമെന്നും മൂഡ് അനുസരിച്ച് ഓരോ കാര്യങ്ങളും കേള്‍ക്കുകയും അവയോട് പ്രതികരിക്കുകയും ചെയ്യുന്ന രീതിയിലും മാറ്റം സംഭവിക്കാമെന്നും അഭിപ്രായപ്പെടുന്നവരും കുറവല്ല.