സി.പി.എം വിലയിരുത്തൽ, അമിത ആത്മവിശ്വാസം തദ്ദേശത്തിൽ തിരിച്ചടിച്ചു, സംഘടനാ ദൗർബല്യവും കാരണം
ശബരിമല വിഷയം ഏശിയില്ല
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം അമിത ആത്മവിശ്വാസവും സംഘടനാ ദൗർബല്യവുമാണെന്ന് വിലയിരുത്തി സി.പി.എം. പ്രാദേശിക തലത്തിലുള്ള പ്രവർത്തന വീഴ്ചയും അപ്രതീക്ഷിത പരാജയത്തിന് കാരണമായി. ശബരിമല വിഷയത്തിൽ യു.ഡി.എഫും ബി.ജെ.പിയും കള്ള പ്രചാരവേല നടത്തി. വിശ്വാസത്തെ വോട്ടിനുവേണ്ടി ഉപയോഗിച്ചു. എന്നാൽ, അതിലവർ ഉദ്ദേശിച്ചതുപോലെ വിജയിച്ചെന്ന് പറയാനാവില്ലെന്ന് തിരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യാൻ ചേർന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് അധികാരം നിലനിറുത്തുമെന്നും വ്യക്തമാക്കി. പ്രാദേശിക പ്രശ്നങ്ങളും പ്രതിപക്ഷ കള്ളപ്രചാരണവും വർഗീയ ഇടപെടലും മാദ്ധ്യമ ശൃംഖല നടത്തിയ ഇടതുപക്ഷ വിരുദ്ധ പ്രചാരണവും തദ്ദേശ തിരിച്ചടിക്ക് കാരണമായി. യു.ഡി.എഫും ബി.ജെ.പിയും എൽ.ഡി.എഫിനെ മുഖ്യശത്രുവായി കണ്ട് വോട്ടുകൾ മറിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി ജയിച്ച 41 വാർഡിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്തായി. കോൺഗ്രസിനെ ജയിപ്പിച്ചാൽ ബി.ജെ.പിക്ക് വളമാകുമെന്ന അവസ്ഥയാണ്. ഏത് നിമിഷവും ഏത് കോൺഗ്രസുകാരനും ബി.ജെ.പിയിലേക്ക് ചേക്കേറാമെന്നതിന് ഉദാഹരണമാണ് മറ്റത്തൂർ പഞ്ചായത്തിൽ കണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്നതിന്റെ കേരള മോഡലാണിത്.
എൽ.ഡി.എഫിന് വോട്ട് വർദ്ധിച്ചു
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ എൽ.ഡി.എഫിന് വോട്ട് വർദ്ധിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ 33.60% വോട്ടാണ് ലഭിച്ചത്. ഇപ്പോഴത് 39.73 ശതമാനമായി ഉയർന്നു. 17,35,175 വോട്ടിന്റെ വർദ്ധന
യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും വോട്ട് ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറഞ്ഞു. ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും പണക്കൊഴുപ്പും തിരഞ്ഞെടുപ്പിൽ പ്രകടമായി. കാശുകൊടുത്ത് വോട്ടു വാങ്ങുന്നത് പലയിടത്തും ദൃശ്യമായി
വർഗീയ പ്രചാരണം
മതനിരപേക്ഷ അടിത്തറ തകർക്കാനുള്ള വർഗീയ ധ്രുവീകരണ പ്രചാരണമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നതെന്നും എം.വി.ഗോവിന്ദൻ. വർഗീയ ശക്തികൾക്ക് ഇപ്പോൾ കേരളത്തിൽ സ്വീകാര്യത കൈവന്നിട്ടുണ്ട്. കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീം ആകുകയാണ്.
പ്രാദേശിക നേതൃത്വങ്ങൾക്ക് വിമർശനം
സി.എസ് സിദ്ധാർത്ഥൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ പ്രാദേശിക നേതൃത്വങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന സമിതിയിൽ വിമർശനം. പ്രചാരണത്തിന് നേതൃത്വം നൽകേണ്ട നേതാക്കൾ മത്സരിക്കാൻ ഇറങ്ങിയത് തിരിച്ചടിയായി. ഇത് പുന:പരിശോധിക്കേണ്ടതായിരുന്നു. സംഘടനാ വീഴ്ചയിൽ യഥാസമയം നടപടിയെടുക്കണം. ജില്ലാ നേതൃത്വത്തിനും ഏരിയാകമ്മിറ്റികൾക്കും താത്പര്യമുള്ളവരെ സ്ഥാനാർത്ഥിയായി തീരുമാനിക്കുന്ന പ്രവണത മാറ്റണം.
പ്രാദേശിക നേതൃത്വങ്ങളുടെ വീഴ്ച അടിയന്തരമായി പരിഹരിക്കണം. മാറ്റമുണ്ടായില്ലെങ്കിൽ വലിയ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും അഭിപ്രായമുയർന്നു. തദ്ദേശതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ടും സെക്രട്ടേറിയറ്റ് വിലയിരുത്തലും അവലോകനം ചെയ്യാൻ കെ.കെ.ശൈലജയുടെ അദ്ധ്യക്ഷതയിലാണ് രണ്ടു ദിവസത്തെ യോഗം ചേർന്നത്. ജനറൽ സെക്രട്ടറി എം.എ.ബേബിയും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു.
'വിശദമായി പരിശോധിക്കണം'
ഭരണ വിരുദ്ധവികാരവും സ്വർണക്കൊള്ളയും തിരിച്ചടിക്ക് കാരണമായോയെന്ന് വിശദമായി പരിശോധിച്ച ശേഷമേ നിഗമനത്തിലെത്താൻ കഴിയൂവെന്ന് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. യു.ഡി.എഫിന്റെ വർഗീയ കൂട്ടുകെട്ട് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ പാർട്ടിക്കായില്ല. അതിന് ഉദാഹരണമാണ് തിരുവനന്തപുരം നഗരസഭയിൽ നടന്നത്. അതേസമയം, യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ശബരിമല വീഴ്ചയായോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഗോവിന്ദൻ നൽകിയില്ല.