കൗമുദി ടി.വിയുടേത് തനത് ശെെലി: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: കേരളകൗമുദി കുടുംബത്തിലെ ഇളം തലമുറയിൽപ്പെട്ട കൗമുദി ടി.വി ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കൗമുദി ടി.വിയുടെ പതിമൂന്നാം വാർഷികാഘോഷവും എക്സലൻസ് അവാർഡ് വിതരണവും ഹോട്ടൽ മലബാർ പാലസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ടെലിവിഷൻ ചാനൽ രംഗത്ത് ഇന്ന് കടുത്ത മത്സരമാണുള്ളത്. അത്തരം മത്സരത്തിൽ ചില അനാരോഗ്യകരമായ വാർത്തകളും പുറത്തുവരുന്നുണ്ട്. എന്നാൽ അതിലൊന്നും തലവയ്ക്കാതെ തനത് ശെെലിയിൽ സഞ്ചരിക്കുന്ന മാദ്ധ്യമമാണ് കൗമുദി ടി.വി. അത് സ്വന്തം വ്യക്തിത്വം നിലനിറുത്തുന്നു.
ചരിത്രപരമായ ധാരാളം പ്രത്യേകതകൾ കേരളകൗമുദിക്കുണ്ട്. കേരള നവോത്ഥാനത്തിൽ ഉൾപ്പെടെ നിർണായക പങ്ക് വഹിച്ചു. നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള മാദ്ധ്യമ സ്ഥാപനം 1911ൽ സി.വി. കുഞ്ഞുരാമൻ സാമൂഹ്യമാറ്റം ലക്ഷ്യമിട്ടാണ് തുടങ്ങിയത്. അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്നതിൽ നിർണായക പങ്കു വഹിക്കാൻ കേരളകൗമുദിക്ക് കഴിഞ്ഞിട്ടുണ്ട്. മനുഷ്യനെ മനുഷ്യനായി കാണണമെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ കേരളകൗമുദിക്കായി. വെെക്കം സത്യാഗ്രഹത്തിൽ പ്രധാന പങ്കുവഹിച്ചത് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നാക്കക്കാർക്കായി ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടാണ് കേരളകൗമുദി ഉപപ്രസിദ്ധീകരണങ്ങളുമായി മുന്നോട്ടു പോകുന്നതെന്നും പറഞ്ഞു.
ചടങ്ങിൽ കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എൻ.രാജീവ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ, ഡെപ്യൂട്ടി മേയർ ഡോ.എസ്. ജയശ്രീ എന്നിവർ വിശിഷ്ടാതിഥികളായി. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്ക് കേരളകൗമുദിയുടെ എക്സലൻസ് അവാർഡ് മന്ത്രി നൽകി. മന്ത്രിക്കും വിശിഷ്ടാതിഥികൾക്കുമുള്ള കേരളകൗമുദിയുടെ ഉപഹാരം കൗമുദി ടി.വി ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഷെെൻ സക്കറിയ നൽകി. കേരളകൗമുദി കോഴിക്കോട് ബ്യൂറോ ചീഫ് കെ.പി.സജീവൻ സ്വാഗതവും കൗമുദി ടി.വി ചീഫ് ക്യാമറമാൻ സി.പി. അനിൽകുമാർ നന്ദിയും പറഞ്ഞു.