ട്വന്റി-20യിൽ എട്ടുവിക്കറ്റ് നേട്ടവുമായി ഭൂട്ടാൻ ബൗളർ
തിംഫു : ട്വന്റി-20 ക്രിക്കറ്റിൽ ഒരു മത്സരത്തിൽ എട്ടു വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി റെക്കാഡ് കുറിച്ച് ഭൂട്ടാന്റെ ഇടംകയ്യൻ സ്പിന്നർ സോനം യെഷെ. ഭൂട്ടാനിലെ ഗെലെഫുവിൽ മ്യാൻമറിനെതിരെ നടന്ന അന്താരാഷ്ട്ര ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് 22 വയസുകാരനായ സോനം യെഷെയുടെ നേട്ടം. നാല് ഓവറിൽ ഏഴു റൺസ് മാത്രം വിട്ടുകൊടുത്താണ് സോനം എട്ടു വിക്കറ്റ് വീഴ്ത്തിയത്.
2023ൽ ചൈനയ്‌ക്കെതിരെ ഏഴു വിക്കറ്റ് നേടിയ മലേഷ്യയുടെ സയാസ്രുൾ ഇദ്രസ്, ഈ വർഷം ഭൂട്ടാനെതിരെ ബഹ്‌റൈനായി ഏഴു വിക്കറ്റ് നേടിയ അലി ദാവൂദ് എന്നിവരുടെ പേരിലായിരുന്നു ഇതുവരെ ട്വന്റി-20യിലെ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ റെക്കാഡ്. വനിതാ ക്രിക്കറ്റിൽ, ഇന്തൊനീഷ്യയുടെ റോഹ്മാലിയയുടെ പേരിലാണ് റെക്കോർഡ്. 2024ൽ മംഗോളിയയ്‌ക്കെതിരെ ഒരു റൺ പോലും വിട്ടുകൊടുക്കാതെയാണ് അവർ 7 വിക്കറ്റ് നേടിയത്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഭൂട്ടാൻ 128 റൺസ് വിജയലക്ഷ്യം ഉയർത്തി. മ്യാൻമർ 45 റൺസിന് ആൾഔട്ടായി. ഭൂട്ടാന് 82 റൺസിന്റെ വമ്പൻ ജയം സ്വന്തമായി.