കെ.സി.എയ്ക്ക് പുതിയ നേതൃത്വം
ശ്രീജിത്ത് പ്രസിഡന്റ്, വിനോദ് എസ്.കുമാർ സെക്രട്ടറി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ പ്രസിഡന്റായി അഡ്വ. ശ്രീജിത്ത് വി. നായരെ തിരഞ്ഞെടുത്തു. സംഘടനയുടെ മുൻ ട്രഷററും സെക്രട്ടറിയുമാണ് ആലപ്പുഴ സ്വദേശിയായ ശ്രീജിത്ത്.നിലവിലെ സെക്രട്ടറി വിനോദ് എസ്. കുമാറും, ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരിയും തൽസ്ഥാനങ്ങളിൽ തുടരും. അപെക്സ് കൗൺസിൽ അംഗമായിരുന്ന സതീശൻ കെ. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ടി. അജിത് കുമാർ ആണ് പുതിയ ട്രഷറർ. അപെക്സ് കൗൺസിലിലേക്കുള്ള ജനറൽ ബോഡി പ്രതിനിധിയായി കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് നൗഫൽ ടി. ചുമതലയേൽക്കും. തിരുവനന്തപുരത്ത് നടന്ന അസോസിയേഷന്റെ 75-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്.
സമഗ്ര വികസന കർമ്മ
പദ്ധതിയുമായി കെ.സി.എ
കേരളത്തിലെ ക്രിക്കറ്റ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരു വർഷത്തെ സമഗ്ര വികസന കർമ്മപദ്ധതി പ്രഖ്യാപിച്ചു.
14 ജില്ലകളിലും ക്രിക്കറ്റ് ഗ്രൗണ്ടുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും കെസിഎ നിർമ്മിക്കും. ക്രിക്കറ്റ് ഗ്രൗണ്ടിനോട് അനുബന്ധിച്ച് മറ്റു കായിക ഇനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യവും വികസിപ്പിക്കും.
കൊച്ചിയിൽ അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിക്കും. തിരുവനന്തപുരത്തെ സ്‌പോർട്‌സ് ഹബ് അന്താരാഷ്ട്ര സ്റ്റേഡിയം ദീർഘകാല പാട്ടത്തിന് എടുക്കും.
കേരള വനിതാ പ്രീമിയർ ലീഗ് ഉടൻ ആരംഭിക്കും. പ്രത്യേക ക്രിക്കറ്റ് അക്കാദമികൾ ഇടുക്കിയിലും തിരുവനന്തപുരത്തും പ്രവർത്തനമാരംഭിക്കും.