നിവരും ഹെയർപിൻ വളവുകൾ ചുരം യാത്ര സുഗമമാകും

Tuesday 30 December 2025 12:39 AM IST
ചുരം വീതി കൂട്ടലിന്റെ ഭാഗമായി മരങ്ങൾ മുറിച്ചുമാറ്റുന്നു

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ കൊടും വളവുകളായ 6,7,8 എന്നിവ വീതി കൂട്ടി ഗതാഗതം സുഗമമാക്കൽ പ്രവൃത്തി പുരോഗതിയിൽ. പതിറ്റാണ്ടുകൾ നീണ്ട ആസൂത്രണത്തിനും കാത്തിരിപ്പിനും ശേഷം കഴിഞ്ഞ മാസം തുടങ്ങിയ പ്രവൃത്തി ത്വരിതഗതിയിൽ നടക്കുകയാണ്. 18 മാസത്തിനകം പൂർത്തിയാകുന്നതോടെ കോഴിക്കോട്-വയനാട് ജില്ലകളിലെ യാത്രാ ദുരിതത്തിന് പരിഹാരമാകും.

നിലവിൽ മണിക്കൂറുകളോളം നീളുന്ന ചുരത്തിലെ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലയുകയാണ്. വേനലവധിക്കാലവും പുതുവത്സര വും ആഘോഷിക്കാൻ ചുരം കയറുന്നവരുടെ എണ്ണം കൂടിയതോടെ മുറിയാത്ത ഗതാഗതക്കുരുക്കാണ്. വളവുകളിൽ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സ്ഥലമില്ലാത്തതാണ് കുരുക്ക് രൂക്ഷമാക്കുന്നത്. കൊടുംവളവുകൾ വീതി കൂട്ടുന്നതോടെ പ്രശ്നത്തിന് വലിയൊരളവിൽ പരിഹാരമാകും. വീതി കൂട്ടുന്നതിന്റെ ഭാഗമായി മൂന്നു വളവുകളിലെയും മരങ്ങൾ മുറിച്ചു. രൂപ കൽപ്പനയും തയ്യാറായിട്ടുണ്ട്. വീതി കൂട്ടേണ്ടിടത്ത് മതിൽ കെട്ടി മണ്ണിട്ടു നികത്തുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തിയും വെെകാതെ തുടങ്ങുമെന്നാണ് വിവരം. മിനിസ്ട്രി ഒഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹെെവേയ്സാണ് (മോർത്ത്) തുക അനുവദിച്ചത്. ഡൽഹി ആസ്ഥാനമായുള്ള ചൗധരി ആൻഡ് ചൗധരി കമ്പനിക്കാണ് കരാർ. വളവുകൾ വീതി കൂട്ടുന്നതോടെ കുത്തനെയുള്ള 14 കിലോമീറ്റർ ചുരത്തിൽ ഗതാഗത സൗകര്യം ഗണ്യമായി വർദ്ധിക്കും.

  • വീതി കൂട്ടുക 16 മീറ്റർ വരെ

നിർണായക ഭാഗങ്ങളിൽ 16 മീറ്റർ വരെ വീതി കൂട്ടും. ഓരോ വളവിന്റെയും ഭൂമിശാസ്ത്രവും മണ്ണിന്റെ ഘടനയെയും അടിസ്ഥാനമാക്കി വീതി ക്രമീകരിക്കും. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് (എൻ‌.എച്ച് വിഭാഗം) പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി വർഷങ്ങൾക്ക് മുമ്പ് ആവശ്യമായ വനഭൂമി ഏറ്റെടുത്തിരുന്നു, 2018 ൽ അഞ്ചാമത്തെ ഹെയർപിൻ വളവിന്റെ വീതി കൂട്ടിയിരുന്നു. എൻജിനിയറിംഗ്, പ്രൊക്വയർമെന്റ്, കൺസ്ട്രക്ഷൻ (ഇ.പി.സി) മാതൃകയിലാണ് നിർമ്മാണം. മൂന്ന് മുതൽ അഞ്ച് വർഷം വരെ ഡിസൈൻ, നിർമ്മാണം, തുടർന്നുള്ള അറ്റകുറ്റപ്പണികൾ എന്നിവയുടെ ഉത്തരവാദിത്വം കരാറുകാരനാണ്.

  • അനുവദിച്ച തുക 37 കോടി
  • പൂർത്തിയാക്കേണ്ടത് 18 മാസത്തിനകം
  • സംരക്ഷണ ഭിത്തി ഉയരം 15- 22 മീറ്റർ

ക്രിസ്മസ് - പുതുവത്സര അവധിത്തിരക്ക് കാരണം തത്കാലം പ്രവൃത്തി നിർത്തിയിരിക്കുകയാണ്. അവധി കഴിഞ്ഞാൽ കൂടുതൽ വേഗത്തിലാക്കും.

-കെ.വി.സുജീഷ്

എക്സിക്യുട്ടീവ് എൻജിനിയർ

സംസ്ഥാന പൊതുമരാമത്ത് വകുപ്പ്