സ്വര്‍ണവില ഒരുലക്ഷത്തിലൊന്നും നില്‍ക്കില്ല; 2026ല്‍ മാര്‍ക്കറ്റില്‍ സംഭവിക്കാന്‍ സാദ്ധ്യതയുള്ളത്

Monday 29 December 2025 10:43 PM IST

ഒരു വര്‍ഷം കൊണ്ട് ഇരട്ടിയിലധികം വില വര്‍ദ്ധിച്ചപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 1,02,000 ആണ്. 22 കാരറ്റ് സ്വര്‍ണത്തിന് മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേര്‍ന്ന് വരുമ്പോള്‍ വില പിന്നെയും കൂടും. സാധാരണക്കാരന് സ്വപ്‌നം മാത്രമായി മാറുകയാണോ സ്വര്‍ണം എന്ന സംശയം നിലനില്‍ക്കുമ്പോള്‍ സാമ്പത്തിക വിദഗ്ദ്ധര്‍ നടത്തുന്ന അഭിപ്രായങ്ങള്‍ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു. 1.03 ലക്ഷമായിരുന്ന വില ഇന്ന് അല്‍പ്പം കുറഞ്ഞാണ് 1.02ല്‍ എത്തിയത്. ഒരാഴ്ചയ്ക്ക് ശേഷമാണ് വിലകുറയുന്നത്.

എന്നാല്‍ ആഗോളതലത്തിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ സ്വര്‍ണവിലയില്‍ ഇനി കാര്യമായ ഒരു തിരിച്ചുപോക്ക് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വ്യക്തമാകുന്നത്. പവന്‍ വില ഒരു ലക്ഷം തൊട്ടപ്പോള്‍ ഇനി അധികം വര്‍ദ്ധിക്കില്ലെന്നാണ് കരുതിയതെങ്കില്‍ തെറ്റിയെന്ന് ഉറപ്പിക്കാമെന്ന് സാമ്പത്തിക മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാന്‍ഡ് നിലനില്‍ക്കുന്നതും കാരണമാണ് സ്വര്‍ണ്ണ വില എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്തിയത്.

ചൈന സ്വര്‍ണം വാങ്ങി കൂട്ടുന്നതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്താന്‍ ഒരു പ്രധാന കാരണമാണ്. മിക്ക രാജ്യങ്ങളുടേയും കേന്ദ്രബാങ്കുകളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. ഇതും വില കുതിക്കാന്‍ കാരണമായി മാറിയിട്ടുണ്ട്. വിലയിലെ കുതിപ്പ് ഇവിടെയൊന്നും അവസാനിക്കില്ലെന്നാണ് രാജ്യാന്തര വിപണിയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. 2026-ഓടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 5,000 ഡോളര്‍ (ഏകദേശം 4.2 ലക്ഷം രൂപ) കടന്നേക്കുമെന്ന് ജെ.പി മോര്‍ഗന്‍, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ പ്രവചിക്കുന്നു.

നിലവില്‍ ഔണ്‍സിന് 4,300 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. സ്വര്‍ണവില താങ്ങാനാവാത്ത ഉയരത്തിലെത്തിയത് ആഭരണ വിപണിയില്‍ തിരിച്ചടിയുണ്ടായിട്ടുണ്ട്. കഴിഞ്ഞ പാദത്തില്‍ ആഭരണങ്ങള്‍ക്കായുള്ള ആവശ്യം 23 ശതമാനം വരെ ഇടിഞ്ഞു. എന്നാല്‍, സ്വര്‍ണ നാണയങ്ങളായും മറ്റും വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.