സർഗാലയയിൽ പോയാൽ കാണാം ആറൻമുള കണ്ണാടി കാഴ്ചകൾ

Tuesday 30 December 2025 12:51 AM IST
ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാ കരകൗലമേളയിൽ കെ.എ ശെൽവരാജിന്റെ ആറൻമുള കണ്ണാടി സ്റ്റാൾ.

ഇരിങ്ങൽ: ആറൻമുള കണ്ണാടി തേടി ഇനി പത്തനംതിട്ട വരെ പോകേണ്ട, ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയിലെ കെ.എ ശെൽവരാജിന്റെ ഒന്നാം നമ്പർ സ്റ്റാളിലുണ്ട് ആറൻമുള കണ്ണാടിയുടെ നൂറിലേറെ മാതൃകകൾ. വാൽക്കണ്ണാടി, സൂര്യരൂപത്തിലുള്ള കണ്ണാടി തുടങ്ങി തനിമയും പുതുമയുമേറിയ ആറൻമുള കണ്ണാടികളാണ് നിറയെ. ആറന്മുളയിലെ 21 വിശ്വകർമ കുടുംബങ്ങൾക്ക് മാത്രം സ്വായത്തമായ രഹസ്യക്കൂട്ടാണ് ആറന്മുള കണ്ണാടിയെ സവിശേഷമാക്കുന്നത്. കൊല്ലേത്തു ഭവനിൽ ശെൽവരാജ് ആചാരിയുടെ സർവവും ഈ ആറന്മുള കണ്ണാടിയാണ്. അച്ഛനപ്പൂപ്പന്മാർ പകർന്നു നൽകിയ അറിവ് നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുകയാണ് ഈ ശിൽപി. ശെൽവരാജിന് മുത്തച്ഛൻ എൻ കൃഷ്ണൻ ആചാരി പിതാവ് അർജ്ജൂൻ ആചാരി എന്നിവരിൽ നിന്ന് പകർന്നു കിട്ടിയതാണ് ഈ അത്ഭുത സൃഷ്ടി. രസം (മെർക്കുറി ) ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിലാണ് ആറന്മുള കണ്ണാടി നിർമ്മിക്കുന്നത്. നാലായിരം വർഷത്തോളം പഴക്കമുള്ള കരകൗശല വൈദഗ്ദ്ധ്യത്തിന്റെ പ്രകടമായ ഉദാഹരണമാണ് ലോഹ നിർമ്മിതമായ ആറന്മുള കണ്ണാടി. ആറന്മുള കണ്ണാടി വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യമായി കണക്കാക്കുന്നു. ആറന്മുള കണ്ണാടിയിൽ ആദ്യമായി മുഖം നോക്കിയത് പാർവതി ദേവിയാണെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. പാർത്ഥസാരഥി ഹാൻഡി ക്രാഫ്റ്റ് സ് ഉടമയും ആറന്മുള കണ്ണാടിയുടെ പരമ്പരാഗത നിർമ്മാതാക്കളിൽ ഒരാളുമാണ് ശെൽവരാജ് . 2022, 2023 വർഷങ്ങളിലെ സംസ്ഥാന കരകൗശല പുരസ്‌കാര ജേതാവാണ്. ഭാര്യ: സന്ധ്യ. മക്കൾ: ശ്രീജിത്ത് , ശരത്ത്.