സിനിമയിലെ ഓൾ റൗണ്ടറാകാൻ സോഫി

Tuesday 30 December 2025 12:00 AM IST
'ലേഡി വിത്ത് വിംഗ്സ്' എന്ന സിനിമയിൽ സോഫി ടൈറ്റസ്

തിരുവനന്തപുരം: ഖത്തറിലെ ഓയിൽ കമ്പനിയിലെ കെമിക്കൽ എൻജിനിയർ ജോലി രാജിവച്ചാണ് കൊല്ലം സ്വദേശി സോഫി ടൈറ്റസ് സിനിമയിൽ തൊഴിലുറപ്പ് തൊഴിലാളിയായത്.

സ്കൂൾ കുട്ടിയായിരുന്നപ്പോഴേയുളള ആഗ്രഹം സഫലമാക്കാൻ സ്വന്തം പണം ചെലവഴിച്ചു സിനിമ നിർമ്മിച്ചു. അതാണ് 'ലേഡി വിത്ത് വിംഗ്സ്'. കഥ, തിരക്കഥ, സംവിധാനം, നിർമ്മാണം, ഗാനരചന, വസ്ത്രാലങ്കാരം എന്നിവയ്ക്കെല്ലാം പുറമെ കേന്ദ്രകഥാപാത്രത്തേയും അവതരിപ്പിച്ചു. ആദ്യ സിനിമയിൽ തന്നെ 'ഓൾ റൗണ്ടർ' ആയി. ഖത്തറിലെ ബ്രട്ടീഷ് സ്ഥാപനത്തിൽ നിന്നും കൊച്ചിയിൽ നിന്നും സംവിധാനം പഠിച്ചിരുന്നു. കോളേജ് നാടകങ്ങളിൽ അഭിനയിച്ച പരിചയമായിരുന്നു പിൻബലം.

തൊഴിലുറപ്പ് തൊഴിലാളിയായ ബിന്ദു സ്വന്തം നിലപാട് പ്രഖ്യാപിച്ച് ജീവകാരുണ്യ പ്രവർത്തകയാകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്.

ഒന്നരവർഷം മുമ്പ് സോഫി കഥ തയ്യാക്കിവച്ചിരുന്നു. ബന്ധുകൂടിയായ 'തൂവാനത്തുമ്പികളു'ടെ നിർമ്മാതാവ് പി.സ്റ്റാൻലിയുടെ നിർദ്ദേശങ്ങൾ തേടിയ ശേഷമാണ് തിരക്കഥ പൂർത്തിയാക്കിയത്. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, സംസ്കൃതം ഭാഷകളിലും ഗാനങ്ങളുണ്ട് എല്ലാം സോഫി തന്നെ എഴുതി. അശ്വിൻ ജോൺസൺ, ഹരിമുരളി, ഉണ്ണിക്കൃഷ്ണൻ, ബിബിൻ അശോക്. എന്നിവരാണ് സംഗീതം നൽകിയത്.

സന്തോഷ് കീഴാറ്റൂരാണ് ഒരു പ്രധാന വേഷത്തിലെത്തുന്നത്. സോഫിയുടെ മകൻ ജേക്കബ് ജോർജും അഭിനയിച്ചു. രാജേഷ് ഹെബ്ബാർ, രാഹുൽ ബഷീർ, സാജുവർഗീസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ.

വെളളായണി, ശംഖുംമുഖം മടവൂർപ്പാറ, നെടുമങ്ങാട്, ചടയമംഗലം, പുനലൂർ, വർക്കല എന്നിവടങ്ങളിലായിരുന്നു ലൊക്കേഷൻ. ഫെബ്രുവരിയിൽ ലേഡി വിത്ത് വിംഗ്സ്' തിയേറ്ററിലെത്തിക്കും.ഖത്തറിലെ കെമിക്കൽ എൻജിനിയർ അലക്സാണ് ഭർത്താവ്.

''ഒരു സ്ത്രീപക്ഷ സിനിമയാണിത്. എന്റെ കാഴ്ചപ്പാടുകൾ മറ്റാരെങ്കിലും പറയുന്നതിനെക്കാൾ ഞാൻ തന്നെ അരങ്ങിലും അണിയറയിലുമായി നിന്ന് പറയുന്നതാണ് നല്ലതെന്നു തോന്നി'

'- സോഫി ടൈറ്റസ്