സ്വകാര്യ ആശുപത്രികളിൽ മിനിമം വേതനം പരിഷ്കരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പരിഷ്കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറപ്പെടുവിക്കാൻ മന്ത്രി വി. ശിവൻകുട്ടി തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഭൂരിപക്ഷം ആശുപത്രികളിലും ഇപ്പോഴും 2013ലെ നോട്ടിഫിക്കേഷൻ പ്രകാരമുള്ള വേതനമാണ് നൽകുന്നത്. 60 ശതമാനം വർദ്ധനവ് വരുത്താനാണ് വകുപ്പിന്റെ ശുപാർശ. ഇത് ആശുപത്രികൾക്ക് അമിത ബാദ്ധ്യതയുണ്ടാക്കുന്നതല്ലെന്ന് മന്ത്രി വ്യക്തമാക്കി.
സ്വകാര്യ ആശുപത്രി വ്യവസായബന്ധ സമിതി യോഗത്തിലാണ് മന്ത്രിയുടെ നിർദ്ദേശം.
മിനിമം വേതന കമ്മിറ്റി മുഖേന നടത്തിയ ചർച്ചകളിൽ മാനേജ്‌മെന്റ് പ്രതിനിധികൾ നിസഹകരണം തുടരുന്ന സാഹചര്യത്തിലാണ് 1948ലെ മിനിമം വേതന നിയമപ്രകാരം സർക്കാർ നേരിട്ട് വിജ്ഞാപനം ഇറക്കാൻ തീരുമാനിച്ചത്.
വേതന പരിഷ്കരണത്തിനായി 2023 ഒക്ടോബറിൽ രൂപീകരിച്ച കമ്മിറ്റി 14 ജില്ലകളിലും തെളിവെടുപ്പ് നടത്തിയെങ്കിലും മാനേജ്‌മെന്റുകളുടെ പ്രതികൂല നിലപാട് മൂലം സമവായത്തിലെത്താൻ സാധിച്ചിരുന്നില്ല. യോഗത്തിൽ അഡിഷണൽ ലേബർ കമ്മിഷണർ കെ.എം. സുനിൽ, സ്വകാര്യ ആശുപത്രി മിനിമം വേതനം കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.