തിരുവനന്തപുരം ഇന്ത്യയിലെ ഏറ്റവും ശാന്തമായ തലസ്ഥാനങ്ങളിലൊന്ന്: ഉപരാഷ്ട്രപതി
തിരുവനന്തപുരം: ''ദൈവത്തിന്റെ സ്വന്തം നാട്'' എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്‌കാരവും മതസൗഹാര്‍ദ്ദവും പാരമ്പര്യവും സ്വാഭാവിക സൗന്ദര്യവും പ്രകൃതി മനോഹരമായ കാഴ്ചകളും കേരളത്തെ ലോകത്തിന് മുന്നില്‍ മാതൃകയാക്കുന്നു. പ്രത്യേകിച്ച് തിരുവനന്തപുരം. പാരമ്പര്യവും വികസനവും ഒരേസമയം കൈകോര്‍ത്തുനില്‍ക്കുന്ന ഇന്ത്യയിലെ അപൂര്‍വ്വ തലസ്ഥാനങ്ങളിലൊന്നാണ് തിരുവനന്തപുരം. ഇന്ന് ഇന്ത്യയിലെ ഏറ്റവും ശാന്തമായ തലസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം മാറിയിരിക്കുകയാണെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു.
ശക്തമായ സാമൂഹിക മൂല്യങ്ങളും സാംസ്‌കാരിക ബോധവും സഹവര്‍ത്തിത്വവും കേരളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാളയം എല്‍.എം.എസ്. ഹാളില്‍ നടന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിന്റെ 'സ്‌നേഹസംഗമം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ആശയങ്ങളിലും വിശ്വാസങ്ങളിലും ദര്‍ശനങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും വികസനത്തിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബൗദ്ധികവും കൂട്ടായതുമായ ഉത്തരവാദിത്വമാണ് ഒരു സമൂഹത്തിന്റെ പുരോഗതിക്ക് അടിത്തറ. ക്രിസ്തുമസ് ഒരു മതവിഭാഗത്തിന്റേതു മാത്രമുള്ള ആഘോഷമല്ല; നല്ലതും സജീവവുമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പങ്കാളിയാകാവുന്ന ആഘോഷമാണെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. 'ട്രിവാന്‍ഡ്രം ഫെസ്റ്റ്' പോലുള്ള ആഘോഷങ്ങള്‍ സമൂഹത്തില്‍ വലിയ പങ്ക് വഹിക്കുന്നതായും കേരളത്തിന്റെ സാമൂഹിക ഘടനയുടെ ശക്തമായ പ്രതിഫലനമാണ് ഇത്തരം വേദികളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സ്‌നേഹസന്ദേശം നല്‍കി. ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ സമൂഹത്തിന് എക്കാലവും അമൂല്യനിധിയാണെന്നും അവ സഹവര്‍ത്തിത്വത്തോടെ പിന്തുടരുന്നുവെന്നത് അഭിമാനകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആക്ട്‌സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ ആമുഖപ്രഭാഷണം നടത്തി. മന്ത്രി എം.ബി. രാജേഷ്, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, സി.എസ്.ഐ. ദക്ഷിണകേരള മഹായിടവക വൈസ് ചെയര്‍മാന്‍ ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍, സാജന്‍ വേളൂര്‍ എന്നിവര്‍ സംസാരിച്ചു.