ജില്ലാ പഞ്ചായത്ത് : പദ്ധതികൾ പൂർത്തിയാക്കും, ഫണ്ട് വിനിയോഗം 80ശതമാനമാക്കും

Tuesday 30 December 2025 12:02 AM IST

പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെ മുടങ്ങിക്കിടന്ന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ കർമ്മപരിപാടികൾ ആവിഷ്കരിക്കും. ഇതിന് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗങ്ങൾ ഉടൻ വിളിച്ചുകൂട്ടും. ഏതൊക്കെ പദ്ധതികളാണ് പൂർത്തിയാക്കാനുള്ളത്, തടസങ്ങളെന്ത്, മുന്നോട്ടു കൊണ്ടുപോകാൻ എന്തൊക്കെ ചെയ്യണം എന്നീ കാര്യങ്ങളിൽ വിശദപരിശോധന നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയിയും വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമലയും പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയിൽ അറിയിച്ചു.

കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിക്ക് പദ്ധതി വിഹിതം ചെലവഴിക്കുന്ന കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇനിയും ഇത്തരം വീഴ്ചകൾ ആവർത്തിക്കാൻ അനുവദിക്കില്ല. കഴിഞ്ഞ ഭരണസമിതി കാലത്തെ ഉദ്യോഗസ്ഥ വീഴ്ചയും പ്രധാന കാരണമാണ്. സർക്കാരിൽ നിന്ന് കൃത്യമായും ഫണ്ടുകൾ ലഭിക്കുന്നതോടെ വികസന പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.

ആദ്യ നടപടികൾ

കോഴഞ്ചേരി ജില്ലാആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് പ്രവർത്തന ക്ഷമമാക്കും. ജില്ലാ ആസ്ഥാനത്തെ ജനറൽ ആശുപത്രി പ്രവർത്തനം കാര്യക്ഷമമാക്കും. കൊടുമൺ റൈസ് മിൽ പ്രവർത്തന ക്ഷമമാക്കും. പുളിക്കീഴിലെ എ.ബി.സി കേന്ദ്രം നിർമ്മാണം പൂർത്തിയാക്കും. എസ്. എസ്.എൽ.സി, പ്ലസ്ടു പിന്നാക്കാവസ്ഥ പരിഹരിക്കാൻ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ പദ്ധതിക്ക് രൂപം നൽകും. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കും.

വീതംവയ്ക്കൽ വികസനത്തെ ബാധിക്കില്ല

പദവികൾ വീതം വയ്ക്കുന്നത് വികസനത്തെ ബാധിക്കില്ലെന്ന് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല പറഞ്ഞു. മുമ്പും വീതംവയ്ക്കൽ നടന്നിട്ടുണ്ട്. നാടുവിട്ടപോകുന്ന ചെറുപ്പക്കാരുടെ എണ്ണം ജില്ലയിൽകൂടി വരിയാണ്. യുവാക്കളുടെപ്രതീക്ഷകൾക്ക് അനുസൃതമായ പദ്ധതികൾക്ക് മുൻഗണന നൽകും. ജില്ലാ പഞ്ചായത്തിൽ അനുമോദന യോഗത്തിനിടെ ഡി.സി.സി പ്രസിഡന്റ് രാഷ്ട്രീയമൊന്നും പറഞ്ഞില്ല. സി.പി.എം അംഗങ്ങൾ രാഷ്ട്രീയവൽക്കരിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. മുഖാമുഖത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ സ്വാഗതവും സെക്രട്ടറി ജി.വിശാഖൻ നന്ദിയും പറഞ്ഞു.

പ്ളാൻ ഫണ്ട്

പൊതുവിഭാഗത്തിൽ ലഭിച്ചത് : 29 കോടി.

ചെലവഴിച്ചത് : 68.67 %

പട്ടികജാതി വികസനത്തിന് ചെലവഴിച്ചത് : 59.29 %

പട്ടിക വർഗ വികസനത്തിന് ചെലവഴിച്ചത് : 63.4%