റാന്നിയിൽ വാഹനാപകടം : ഹൈദരാബാദ് സ്വദേശി മരിച്ചു; 9 പേർക്ക് പരിക്ക്

Tuesday 30 December 2025 12:03 AM IST

റാന്നി: തീർത്ഥാടനയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലർ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ഹൈദരാബാദ് സ്വദേശി സിരിസേതി രാജേഷ് ഗൗഡ (39) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വലിയപറമ്പിൽ പടിയിലായിരുന്നു അപകടം.

മണ്ഡലകാലത്ത് ഇടത്തിക്കാവിൽ അന്നദാനം നടത്തിയിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ശബരിമലനട അടച്ചതിനെ തുടർന്ന് കുളത്തുപ്പുഴ, ആര്യൻകാവ്, അച്ചൻകോവിൽ എന്നിവിടങ്ങൾ കാണുന്നതിനായി പുറപ്പെട്ടതായിരുന്നു ഇവർ. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡരികിലെ കൈവരികൾ തകർത്ത് വാഹനം അടച്ചിട്ടിരുന്ന കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

പരിക്കേറ്റ നാലുപേരെ പാലായിലെ സ്വകാര്യ മെഡിക്കൽ കോളേജിലും നാലുപേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഒരാൾ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഹൈദരാബാദ് സ്വദേശിയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ബന്ധുക്കൾ എത്തി ഏറ്റുവാങ്ങും.

പരിക്കേറ്റവർ : വട്ടപ്പാറ കിഴക്കേതിൽ ബ്ലസി മോൾ ജോബി (29), ഇവരുടെ മാതാവ് ബിന്ദു (52), മക്കളായ അയോണ മോൾ, ജോബിൻ (7), ജോയൽ ജോബിൻ (5), നന്ദു (24), ദായി (20), എരുമേലി കാവുങ്കൽ ഏലമ്മ (64), നവീൻ (32), ദുർഗാപ്രസാദ് (18).