307കോടിയുടെ അവകാശികളെ തേടി ധനകാര്യ സ്ഥാപനങ്ങൾ

Tuesday 30 December 2025 12:17 AM IST
ധനകാര്യസ്ഥാപനങ്ങളിലെ അവകാശികളില്ലാത്ത നിക്ഷേപത്തിന്റെ അനന്തരാവകാശികളെത്തേടി കേന്ദ്ര ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റും റിസർവ് ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ ക്യാമ്പ് ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ജില്ലയിലെ വിവിധ ധനകാര്യസ്ഥാപനങ്ങളിൽ അവകാശികളില്ലാത്ത ആസ്തിയായി പരിഗണിക്കുന്ന 307കോടി രൂപയുടെ അനന്തരാവകാശികളെത്തേടി ബാങ്കുകൾ ജനങ്ങളിലേക്ക്.

'നിങ്ങളുടെ പണം നിങ്ങളുടെ അവകാശം" എന്ന സന്ദേശവുമായി കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റും റിസർവ് ബാങ്ക് ഒഫ് ഇന്ത്യയും സംയുക്തമായി ഇന്നലെ എറണാകുളത്ത് സംഘടിപ്പിച്ച ക്യാമ്പിൽ 10കോടിയിലേറെ രൂപയുടെ അവകാശികളെ കണ്ടെത്തി രേഖകൾ കൈമാറി.

കേരളത്തിൽ അവകാശികളില്ലാത്ത ഏറ്റവും കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉള്ളത് എറണാകുളം ജില്ലയിലാണ്. ഏകദേശം 11.93 ലക്ഷം അക്കൗണ്ടുകളിലായി 307 കോടിയോളം രൂപയാണ് റിസർവ് ബാങ്കിൽ അവകാശികളില്ലാതെ കിടക്കുന്നത്.

ടി. ജെ.വിനോദ് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആർ.ബി.ഐ ജനറൽ മാനേജർ പി.കെ. മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. എറണാകുളം അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വിനോദ് രാജ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എസ്.ബി.ഐ ഡി.ജി.എം വിനയ് കുമാർ, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ ഡി.ജി.എം സതീഷ് കുമാർ, എൽ.ഐ.സി പ്രതിനിധി ജ്യോതിലക്ഷ്മി, സി. അജിലേഷ് എന്നിവർ സംസാരിച്ചു.