എലിപ്പനി, ഡെങ്കിപ്പനി ഈ വർഷം പൊലിഞ്ഞത് 12 ജീവനുകൾ

Tuesday 30 December 2025 12:23 AM IST

10 പേർ മരി​ച്ചത് എലി​പ്പനി​ ബാധി​ച്ച്

കൊല്ലം: ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് ഈ വർഷം കഴിഞ്ഞ 23 വരെ മരിച്ചത് 12 പേർ. ഇതിൽ 10 പേരുടെയും മരണകാരണം എലിപ്പനിയാണ്.

ഈ കാലയളവിൽ 173 പേർ എലിപ്പനിയും 975 പേർ ഡെങ്കിപ്പനിയും പിടിപെട്ട് വിവിധ ആശുപത്രികളിൽ ചികിത്സതേടി. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായെങ്കിലും മരണസംഖ്യ കുറവാണ്. ഫലപ്രദമായ മരുന്നും ചികിത്സയും ലഭ്യമായിട്ടും രോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്കയുണ്ടാക്കുന്നു. ഇടവിട്ടുള്ള മഴയും വെള്ളക്കെട്ടും വ്യാപകമായ മാലിന്യം തള്ളലും ജനങ്ങളുടെ ജാഗ്രതക്കുറവുമാണ് കാരണമായി ആരോഗ്യവകുപ്പ് അധികൃതർ വിശദീകരിക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഡോക്‌സിസൈക്ലിൻ ഗുളിക വിതരണം ചെയ്യുന്നുണ്ടെങ്കിലും പലരും കഴിക്കാറില്ല. പനിക്ക് ചികിത്സ തേടാത്തതും മരണത്തിലേക്ക് വഴി തെളിക്കുന്നു.

എലിപ്പനി

 പ്രാരംഭ ലക്ഷണം- പനി, പേശിവേദന, തലവേദന, വയറുവേദന, ഛർദ്ദി, കണ്ണ് ചുവപ്പ്

 രോഗവ്യാപനം- മലിനജല സമ്പർക്കം

 രോഗം മൂർച്ഛിച്ചാൽ - കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം എന്നിവയെ ബാധിക്കും

ഡെങ്കിപ്പനി

 പ്രാരംഭ ലക്ഷണം- കടുത്ത പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദ്ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ, കണ്ണിന് പിന്നിൽ വേദന

 രോഗവ്യാപനം- ഈഡിസ്, ഈജിപ്തി ഇനത്തിലെ പെൺകൊതുകുകളുടെ കടി

 രോഗം മൂർച്ഛിച്ചാൽ- ഛർദ്ദി, വയറുവേദന, കറുത്ത മലം, ശ്വാസംമുട്ടൽ, ശരീരം ചുവന്നുതടിക്കുക, കഠിനമായ ക്ഷീണം,​ ശ്വാസതടസം,​ താഴ്ന്ന രക്തസമ്മർദ്ദം

ജാഗ്രത പ്രധാനം

 കൊതുക് നിയന്ത്രണമാണ് പ്രധാന പ്രതിരോധം

 വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്

 പനി മാറിയാലും സമ്പൂർണ വിശ്രമം നിർബന്ധം

 ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ കഴിക്കാം

 കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യണം

 പനി മൂന്ന് ദിവസത്തിലേറെ നീണ്ടാൽ ചികിത്സ തേടണം

 മലിന ജലത്തിലിറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കണം

മാസം, ഡെങ്കിപ്പനി, എലിപ്പനി (ബ്രായ്ക്കറ്റിൽ മരണം)

ജനുവരി: 109, 13 (1)

ഫെബ്രുവരി: 37, 9

മാർച്ച്: 29,11

ഏപ്രിൽ: 37, 11

മേയ്: 171, 18

ജൂൺ: 148, 20 (1)

ജൂലായ്: 191, മരണം 1, ഡെങ്കിപ്പനി: 18, മരണം 2

ആഗസ്റ്റ്: 82 .......15 (1)

സെപ്തംബർ: 42 ....... 12 (2)

ഒക്ടോബർ: 39....... 26 (2)

നവംബർ: 50 .......14

ഡിസംബർ ( 23 വരെ)- 40 (1) .......6 (1)

...........................................