വീട്ടമ്മയ്ക്ക് കെഎസ്ഇബി പിഴയിട്ടത് 57,005 രൂപ; രക്ഷയ്‌ക്കെത്തിയത് സ്ഥലം എംഎല്‍എ
റാന്നി : അറിവില്ലായ്മയ്ക്ക് കെ.എസ്.ഇ.ബി അധികൃതര്‍ അടിച്ചേല്‍പ്പിച്ച പിഴത്തുകയറിഞ്ഞും കേസില്‍പ്പെട്ടും സമാധാനം നഷ്ടമായ ക്രിസ്മസ് കാലമായിരുന്നു വിധവയായ പുഷ്പലതയ്ക്ക് ഇത്തവണ. വീട്ടമ്മയുടെ കഷ്ടതയ്ക്ക് പരിഹാരമൊരുക്കാന്‍ അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എ എത്തിയതോടെ സങ്കീര്‍ണമായ പ്രശ്‌നത്തിന് ശുഭകരമായ പര്യവസാനമുണ്ടായി.
കഴിഞ്ഞ 15നാണ് സംഭവങ്ങളുടെ തുടക്കം. പ്ലാങ്കമണ്‍ കരിംപ്ലാനില്‍ പുഷ്പലത ചെങ്ങന്നൂരില്‍ വീട്ടുജോലിക്ക് പോയനേരത്താണ് ലൈഫില്‍ നിര്‍മ്മിച്ച ഇവരുടെ വീട്ടിലെ വര്‍ക്ക് ഏരിയയ്ക്ക് കമ്പിവലയിടുന്നതിനായി തൊഴിലാളികള്‍ എത്തിയത്. പണികള്‍ക്ക് തങ്ങള്‍ പുറത്തുനിന്ന് കരണ്ട് എടുത്തുകൊള്ളാം എന്ന് പറഞ്ഞപ്പോള്‍ പുഷ്പലത സമ്മതിക്കുകയായിരുന്നു. ഈ സമയം മീറ്റര്‍ റീഡിംഗ് എടുക്കാന്‍ വന്ന ജീവനക്കാരന്‍, ഗാര്‍ഹിക കണക്ഷനില്‍ നിന്ന് അനുമതിയില്ലാതെ കറന്റ് എടുക്കുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് കെ.എസ്.ഇ.ബി അധികൃതര്‍ 57,005 രൂപ പിഴ ഈടാക്കണമെന്ന് നോട്ടീസ് നല്‍കി, വൈദ്യുത മോഷണത്തിന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അന്നുതന്നെ പുഷ്പലതയുടെ വീട്ടിലെത്തി മീറ്റര്‍ ഉള്‍പ്പെടെ അഴിച്ചുകൊണ്ടുപോയി വൈദ്യുത ബന്ധം വിച്ഛേദിച്ചു.
എന്നാല്‍ തനിക്ക് അനുമതി എടുക്കുന്ന കാര്യം അറിയില്ലായെന്നും തൊഴിലാളികള്‍ ചെയ്ത തെറ്റിന് മാപ്പ് നല്‍കണമെന്നും പുഷ്പലത അപേക്ഷിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ നിയമനടപടികളില്‍ ഉറച്ചുനിന്നു.
തുടര്‍ന്ന് പുഷ്പലത, പ്രമോദ് നാരായണ്‍ എം.എല്‍.എയെ വിവരം ധരിപ്പിക്കുകയായിരുന്നു. ദിവസവും 600 രൂപ മാത്രം ലഭിക്കുന്ന തനിക്ക് വലിയ തുക പിഴ നല്‍കാന്‍ കഴിയില്ലെന്നും ആത്മഹത്യ അല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലായെന്ന് പറയുകയും ചെയ്തു. ഇവരുടെ ദുരവസ്ഥ മനസിലാക്കി പിഴ കുറച്ചു നല്‍കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടങ്കിലും അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടിയുമായും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി എം.എല്‍.എ നിരന്തരം ബന്ധപ്പെട്ടതിന്റെ ഫലമായി പിഴ 1425 രൂപയായി കുറച്ചു. തിങ്കളാഴ്ച രാവിലെ ഇവരുടെ വീട്ടിലെ വൈദ്യുതബന്ധം പുനസ്ഥാപിച്ചും നല്‍കി.