വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ പിടിയിൽ

Tuesday 30 December 2025 2:32 AM IST

തൃശൂർ: വിയ്യൂർ ജയിലിലേക്ക് കൊണ്ടുവരുമ്പോൾ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകനെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി. ട്രിച്ചിക്ക് സമീപം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് തമിഴ്നാട് പൊലീസിന്റെ പിടിയിലായത്. തെങ്കാശി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ തൃശൂർ വിയ്യൂർ പൊലീസിന് കൈമാറുന്നതിനുള്ള നടപടികൾ ഉടൻ ഉണ്ടാകും.

കൊലപാതകം അടക്കം 53 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. നവംബർ മൂന്നിനാണ് വിയ്യൂർ ജയിൽ പരിസരത്തുവച്ച് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. ഒന്നര മാസത്തിലധികമായി ബാലമുരുകനെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. അടുത്തിടെയാണ് ബാലമുരുകന്റെ ഭാര്യ മരിച്ചത്. ഇതോടെ ഈ പരിസരത്ത് എത്തുമെന്ന സൂചനയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ട്രിച്ചിയിൽ നിന്ന് പിടികൂടിയത്.