കേരളം മതസൗഹാർദ്ദത്തിന്റെ നാട് : ഉപരാഷ്ട്രപതി
തിരുവനന്തപുരം: പാരമ്പര്യത്തെയും ആധുനികതയെയും ഒരുമിച്ചുകൊണ്ടുപോകുന്ന നാടാണ് കേരളമെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ. മതസൗഹാർദ്ദത്തിന്റെയും സംസ്കാരത്തിന്റെയും പേരിൽ കേരളം പ്രശസ്തമാണ്.
സി.എസ്.ഐ ദക്ഷിണകേരള മഹായിടവകയുടെയും വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെയും കേരള ടൂറിസത്തിന്റെയും നേതൃത്വത്തിൽ പാളയം എൽ.എം.എസ് കോമ്പൗണ്ടിൽ നടത്തുന്ന ട്രിവാൻഡ്രം ഫെസ്റ്റിലെ സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരുടെ മാത്രം ആഘോഷമല്ല ക്രിസ്മസ്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ സന്തോഷത്താൽ ഒന്നിപ്പിക്കുന്ന ആഘോഷമാണെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ്.ജെ.നെറ്റോ അദ്ധ്യക്ഷത വഹിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മന്ത്രി എം.ബി.രാജേഷ്, മേയർ വി.വി.രാജേഷ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, സി.എസ്.ഐ ദക്ഷിണകേരള മഹായിടവക വൈസ് ചെയർമാൻ ഫാ.പ്രിൻസ്റ്റൺ ബെൻ എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം ആത്മീയ കൂട്ടായ്മയുടെ ഉപഹാരം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവിയും ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ മോൺ ഡോ.ജോൺ തെക്കേക്കരയും ചേർന്ന് ഉപരാഷ്ട്രപതിക്ക് സമ്മാനിച്ചു.