ഓവുപാലത്തിന്റെ കുഴിയിൽ വീണ് കാൽനട യാത്രക്കാരൻ മരിച്ചു

Tuesday 30 December 2025 2:41 AM IST

വടകര: വില്യാപ്പള്ളിയിൽ റോഡ് വികസനത്തിന്റെ ഭാഗമായി നിർമ്മാണം പുരോഗമിക്കുന്ന കലുങ്കിനോട് ചേർന്ന കുഴിയിൽ വീണ് കാൽനട യാത്രക്കാരൻ മരിച്ചു. അമരാവതിയിലെ ഏലത്ത് മൂസയ്ക്കാണ് (55) ദാരുണാന്ത്യം സംഭവിച്ചത്. ഞായറാഴ്ച രാത്രി 11.30നാണ് അമരാവതിയിലെ ജയകേരള കലാവേദിക്ക് സമീപം പ്രവൃത്തി നടക്കുന്ന ഓവുപാലത്തിന്റെ കുഴിയിൽ വീണ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വൈകിട്ട് ആറ് മണിയോടെ സാധനങ്ങൾ വാങ്ങി മടങ്ങുമ്പോൾ കുഴിയിൽ വീണതാണെന്ന് കരുതുന്നു. തലയുടെ ഭാഗം കുഴിയിലേക്ക് താഴ്ന്ന നിലയിലായിരുന്നു. അധികാരികളുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് ആരോപിച്ച് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു.