ഓപ്പറേഷൻ 'ബാർ കോഡ്": ബാറുകളിലും എക്സൈസ് ഓഫീസുകളിലും വിജി. റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്താകെ ബാർ ഹോട്ടലുകളിലും എക്സൈസ് സർക്കിൾ ഓഫീസുകളിലും ഓപ്പറേഷൻ 'ബാർ കോഡ്' എന്ന പേരിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ചില ബാറുകളിൽ 'സെക്കന്റ്സ്' എന്ന പേരിൽ അറിയപ്പെടുന്ന അനധികൃത വ്യാജ മദ്യ വിൽപ്പനയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇതിനെതിരേ നടപടിയെടുക്കാതിരിക്കാനും പരിശോധനകൾ നടത്താതിരിക്കാനും ചില ഉദ്യോഗസ്ഥർ ബാറുകാരിൽ നിന്നും മാസപ്പടിയായി കൈക്കൂലിയും മദ്യവും കൈപ്പറ്റാറുണ്ടെന്നും വിജിലൻസിന് വിവരം ലഭിച്ചു. 66 ബാർ ഹോട്ടലുകളിലും എക്സൈസ് സർക്കിൾ ഓഫീസുകളിലുമാണ് റെയ്ഡുണ്ടായത്.
പുതുവത്സര ആഘോഷക്കാലത്ത് മദ്യത്തിന്റെ ഉപയോഗം കൂടുമ്പോൾ അമിത ലാഭത്തിനായി ചില ബാർ ഹോട്ടലുകൾ അബ്കാരി നിയമവും വിദേശമദ്യ ചട്ടങ്ങളും ലൈസൻസ് വ്യവസ്ഥകളും ലംഘിച്ച് പ്രവർത്തിക്കുന്നതായും വിജിലൻസിന് വിവരം കിട്ടി. ബാർ ഉടമകളിൽ നിന്ന് മാസപ്പടി വാങ്ങി എക്സൈസ് ഉദ്യോഗസ്ഥർ ഈ ക്രമക്കേടുകൾക്ക് കൂട്ടു നിൽക്കുന്നതായാണ് വിവരം. അന്യസംസ്ഥാനങ്ങളിൽ നിന്നും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്കുള്ള മദ്യം കടത്തികൊണ്ടു വന്ന് ബാറുകളിൽ വിൽപ്പന നടത്തുന്നതായും വിവരമുണ്ട്. കടത്തികൊണ്ടു വരുന്ന മദ്യവും ബിവറേജസ് കോർപ്പറേഷൻ വഴി വാങ്ങുന്ന മദ്യവും സ്പിരിറ്റും കലർത്തി ഒരു സങ്കര മദ്യം രൂപപ്പെടുത്തി വിൽപ്പന നടത്തുന്നതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്.