കോടികളുടെ മയക്കുമരുന്ന് ഇടപാട്: കുറ്റപത്രം സമർപ്പിച്ചു

Tuesday 30 December 2025 3:05 AM IST

കൊച്ചി: ഡാർക്ക്നെറ്റും ക്രിപ്‌റ്റോ കറൻസിയും ഉപയോഗിച്ച് നടത്തിയ കോടികളുടെ മയക്കുമരുന്ന് ഇടപാടുകളിൽ നാലു പ്രതികൾക്കെതിരെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കുറ്റപത്രം സമർപ്പിച്ചു. വിദേശത്തുള്ള രണ്ടുപേർ ഉൾപ്പെടെയാണ് പ്രതികൾ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

മൂവാറ്റുപുഴ സ്വദേശികളായ എഡിസൺ ബാബു, സഹായി അരുൺ തോമസ്, യു.കെയിൽ താമസിക്കുന്ന സന്ദീപ്, ഓസ്ട്രേലിയിൽ കഴിയുന്ന വടക്കൻ പറവൂർ സ്വദേശി ദീപക് എന്നിവരാണ് പ്രതികൾ. സന്ദീപിനെയും ദീപക്കിനെയും അറസ്റ്റു ചെയ്യാനായിട്ടില്ല. ഇവരുടെ ഇടപാടുകളുടെ പ്രധാനിയായ വാരാണസി സ്വദേശി പ്രദീപ് ഭായി എന്നയാളെയും കണ്ടെത്താനുണ്ട്. എഡിസണിനെ ജൂൺ 29നാണ് അറസ്റ്റു ചെയ്‌തത്.

ജൂൺ 28ന് കൊച്ചിയിൽ തപാലിലെത്തിയ മൂന്നു പാഴ്സലുകളിൽ നിന്ന് 280 എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്തതിനെ തുടർന്ന് എഡിസൺ ബാബുവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 847 എൽ.എസ്.ഡി സ്റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമിനും കണ്ടെത്തിയതാണ് കേസ്. എഡിസണിന്റെ പേരിൽ തപാലിലെത്തിയ എൽ.എസ്.ഡി പിടിച്ചെടുത്ത കേസിൽ പിന്നീട് കുറ്റപത്രം സമർപ്പിക്കും. കെറ്റാമെലോൺ എന്ന പേരിൽ ഡാർക്ക്നെറ്റ് വഴിയാണ് എഡിസണിന്റെ മയക്കുമരുന്ന് വ്യാപാരശൃംഖല പ്രവർത്തിച്ചിരുന്നത്.