എറണാകുളത്തെ തീ നിയന്ത്രണവിധേയം, അണച്ചത് മണിക്കൂറുകൾ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ
കൊച്ചി: എറണാകുളത്തെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിലുണ്ടായ വൻ തീപിടിത്തം നിയന്ത്രണവിധേയമായതായി അധികൃതർ. ഏകദേശം ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. ശ്രീധർ തിയേറ്ററിനടുത്തുള്ള കടകളിലാണ് തീപിടിത്തമുണ്ടായത്. ബ്രോഡ്‌വേയിൽ ഷൺമുഖൻ റോഡിൽ സിറ്റി ബസാറിനടുത്തായിരുന്നു സംഭവം. ഇന്നലെ രാത്രി 12.45ഓടെ ശുചീകരണത്തിനായി വന്ന ജോലിക്കാരനാണ് തീപിടിത്തം ആദ്യം കണ്ടത്. പിന്നീടിയാൾ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
ഫാൻസി സാധനങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന കടകളിലും ഇവരുടെ ഗോഡൗണുകളിലുമാണ് തീപിടിത്തമുണ്ടായത്. 12ഓളം കടകൾ പൂർണമായും കത്തിനശിച്ചു. പ്ലാസ്റ്റിക് സാധനങ്ങൾ ആയതിനാൽ തീ അതിവേഗം പടരുകയായിരുന്നു. കെട്ടിടത്തിലെ ഒരു മുറിയിൽ കൂട്ടിയിട്ടിരുന്ന ആക്രി വസ്തുക്കളിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. ഇത് സമീപത്തെ കടകളിലേയ്ക്കും പടരുകയായിരുന്നു.
അഗ്നിരക്ഷാസേനയുടെ 12 യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. പ്രദേശത്തെ കച്ചവടക്കാരും ചുമട്ടുതൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പുലർച്ചെ മൂന്നരയോടെ തീ നിയന്ത്രണവിധേയമായന്നാണ് അധികൃതർ അറിയിച്ചത്. അപകടത്തിൽ ആളപായമുണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.