'സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു; ശബരിമല സ്വർണക്കൊള്ളയിൽ എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേതായിരുന്നു'
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എല്ലാ തീരുമാനങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാറിന്റേതായിരുന്നുവെന്ന് എൻ വിജയകുമാറിന്റെ മൊഴി. 2019ൽ തിരുവിതാംകൂർ ദേവസ്വം ബോർഡംഗമായിരുന്നു സി.പി.എം നേതാവായ വിജയകുമാർ. 'സഖാവ് പറഞ്ഞു, താൻ ഒപ്പിട്ടു' എന്നാണ് വിജയകുമാറിന്റെ മൊഴി. സ്വർണപ്പാളി പുതുക്കുന്ന കാര്യം ബോർഡ് യോഗത്തിൽ പത്മകുമാർ പറഞ്ഞപ്പോൾ മറ്റൊന്നും വായിക്കാതെ ഒപ്പിട്ടെന്നുമാണ് വിജയകുമാർ പ്രത്യേക അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.
'എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേതായിരുന്നു. തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിനറിയാം. സഖാവ് പറഞ്ഞുകൊണ്ട് ഒപ്പിടുകയായിരുന്നു. സ്വർണപ്പാളി പുതുക്കുന്ന കാര്യം അദ്ദേഹം ബോർഡിൽ പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ച് മറ്റൊന്നും വായിക്കാതെ ഒപ്പിടുകയായിരുന്നു. ഇനിയും പുറത്തുനിന്നാൽ സർക്കാരിന് നാണക്കേടാകും എന്നതുകൊണ്ടാണ് കീഴടങ്ങിയത്'- എന്നാണ് വിജയകുമാർ എസ്ഐടിക്ക് നൽകിയ മൊഴി.
ഔദ്യോഗിക കൃത്യനിർവഹണത്തിൽ വിജയകുമാർ വീഴ്ച വരുത്തിയെന്നാണ് എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയടക്കമുള്ള പ്രതികൾക്ക് അന്യായ ലാഭമുണ്ടാക്കാൻ കൂട്ടുനിന്നു. ഇങ്ങനെ ബോർഡിന് നഷ്ടമുണ്ടാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ 12-ാം പ്രതിയാണ് വിജയകുമാർ. പത്മകുമാറിനെതിരേ ചുമത്തിയ കുറ്റങ്ങളെല്ലാം വിജയകുമാറിനെതിരെയുമുണ്ട്.
മുൻകൂർ ജാമ്യാപേക്ഷ നൽകിയ വിജയകുമാർ ഒളിവിൽപോയിരുന്നു. വീട്ടിലും ബന്ധുവീടുകളിലും പൊലീസ് തിരക്കി എത്തിയതോടെ ബന്ധുക്കളും സുഹൃത്തുക്കളും കീഴടങ്ങാൻ നിർബന്ധിച്ചു. തുടർന്ന് ഇന്നലെ ഉച്ചയോടെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ അഭിഭാഷകനൊപ്പമെത്തി കീഴടങ്ങുകയായിരുന്നു.