ദൃശ്യ കൊലക്കേസ്  പ്രതി  വിനീഷ് ചാടിപ്പോയി; രക്ഷപ്പെട്ടത് കുതിരവട്ടം  മാനസികാരോഗ്യ  കേന്ദ്രത്തിലെ ചുമർ തുരന്ന്

Tuesday 30 December 2025 9:03 AM IST

മലപ്പുറം: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ടു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. 2021 ജൂണിലായിരുന്നു എൽഎൽബി വിദ്യാർത്ഥിനിയായിരുന്ന 21കാരിയായ ദൃശ്യ കൊല്ലപ്പെട്ടത്.

വിനീഷ് വിചാരണത്തടവുകാരനാണ്. മാനസിക പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ മൂന്നാം വാർഡിൽ ശുചിമുറിയുടെ ചുമർ തുരന്നാണ് രക്ഷപ്പെട്ടത്.11 മണിയോടെ വിനീഷിനെ സെല്ലിൽ കാണാതായതിനെത്തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് ചുമർ തുരന്ന നിലയിൽ കണ്ടെത്തിയത്. നേരത്തെ ജയിലിൽ ആത്മഹത്യാശ്രമവും പ്രതി നടത്തിയിരുന്നു. പ്രതിക്കായി പ്രദേശത്ത് തെരച്ചിൽ വ്യാപിപ്പിച്ചു. ഇയാൾ 2022ലും മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് കർണാടകയിലെ ധർമ്മസ്ഥലയിൽ വച്ച് നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

2021 ജൂണിലാണ് ഏലംകുളം കൂഴന്തറ ചെമ്മാട്ടിൽ സി കെ ബാലചന്ദ്രന്റെ മകൾ ദൃശ്യ (21)യെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കിടപ്പുമുറിയിൽ കയറി ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിയെ സംഭവം നടന്ന അന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒറ്റപ്പാലം ലക്കിടി നെഹ്‌റു അക്കാദമി ഒഫ് ലോ കോളേജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിനിയായിരുന്നു ദൃശ്യ. ദൃശ്യയുടെ പിതാവിന്റെ കടയും പ്രതി കത്തിച്ചു. കൊലപാതകം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്നും ഓടിയ പ്രതി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ തന്ത്രപൂർവം സ്റ്റേഷനിലെത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു.