ജനവാസ മേഖലയിലെ കിണറ്റിൽ കടുവ വീണു; പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ച് വനംവകുപ്പ്

Tuesday 30 December 2025 9:39 AM IST

പത്തനംതിട്ട: ചിറ്റാറിൽ കടുവ കിണറ്റിൽ വീണു. ജനവാസ മേഖലയായ വില്ലൂന്നിപ്പാറയിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. കൊല്ലംപ്പറമ്പിൽ സദാശിവന്റെ വീട്ടിലെ കിണറ്റിലാണ് കടുവ അകപ്പെട്ടത്. ഇന്ന് പുല‌ർച്ചെ അഞ്ചുമണിയോടെ വീട്ടുകാർ കിണറ്റിനുള്ളിൽ നിന്ന് വലിയ ശബ്ദം കേൾക്കുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടത്. ഇന്നലെ വൈകിട്ടാണ് കടുവ കിണറ്റിൽ വീണതെന്നാണ് സംശയം. ഉപയോഗശൂന്യമായ കിണറാണിതെന്നാണ് വിവരം. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കടുവയെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.