പാലക്കാട്ട് യുവാവിനെ ബന്ധുക്കളുടെ മുന്നിൽ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു, രണ്ടു പേർ അറസ്റ്റിൽ
പാലക്കാട്: യുവാവിനെ ബന്ധുക്കളുടെ മുന്നിൽ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ച രണ്ടു പേർ അറസ്റ്റിൽ. ഒകരപ്പള്ളം സ്വദേശി വിപിനാണ് (30) മർദനമേറ്റത്. വിപിന്റെ സുഹൃത്തുക്കളും ഗുണ്ടാ സംഘത്തിൽപ്പെട്ടവരുമായ ഒകരപ്പള്ളം സ്വദേശി ഗിരീഷ് ( 38) കഞ്ചിക്കോട് സ്വദേശി ശ്രീകേശ് (24) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വാളയാറിൽ ആൾക്കൂട്ട മർദനത്തിന് ഇരയായി ഛത്തീഖണ്ഡ് സ്വദേശി രാംനാഥൻ കൊല്ലപ്പെട്ട അതേ രാത്രിയിലായിരുന്നു പാലക്കാട് എലപ്പുള്ളി തേനാരിയിൽ വിപിനും മർദനമേറ്റത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെ മർദനത്തിൽ പരിക്കേറ്റ വിപിനും പൊലീസിൽ പരാതി നൽകുകയായിരുന്നു. ബിജെപി അനുകൂലികളാണ് മർദിച്ചതെന്നാണ് നാട്ടുകാരും പൊലീസും നൽകുന്ന സൂചന. എന്നാൽ സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള തർക്കമാണ് മർദനത്തിന് കാരണമായതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
പണമിടാപാടുകളെ ചൊല്ലി ഡിംസംബർ മാസം തുടക്കത്തിൽ വിപിനും ശ്രീകേഷും തമ്മിൽ വാക്കേറ്റം നടന്നിരുന്നതായി പൊലീസ് വ്യക്തമാക്കി. വഴക്കിനെ തുടർന്ന് വിപിനും കൂട്ടാളിയും ചേർന്ന് ശ്രീകേഷിന്റെ വീട്ടിലുണ്ടായിരുന്ന ബൈക്ക് കത്തിച്ചു. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന് പരാതി ലഭിച്ചിരുന്നില്ല. ബൈക്ക് കത്തിച്ചതിന്റെ പ്രതികാരമെന്നോണമാണ് വിപിനെ ശ്രീകേഷും ഗിരീഷും ചേർന്ന് വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്.
അക്രമികളായ രണ്ടുപേർ മുമ്പ് വിനായക ചതുർഥിയുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തിലും പ്രതികളാണ്. ഒളിവിൽ കഴിയവെയാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.