ശബരിമല സ്വർണക്കൊള്ളക്കേസ്; ഡി മണിയും ബാലമുരുകനും എസ്ഐടിക്ക് മുന്നിൽ ഹാജരായി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ ഡി മണി ഹാജരായി. സിം കാർഡ് ഡി മണിക്ക് നൽകിയ ബാലമുരുകനും ഹാജരായിട്ടുണ്ട്. മണിയോടും കൂട്ടാളികളായ ബാലമുരുകൻ, ശ്രീകൃഷ്ണൻ എന്നിവരോടും ഇന്ന് തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാവാൻ എസ്ഐടി നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും എത്തിയത്. ഡി മണി അഭിഭാഷകനൊപ്പവും ബാലമുരുകൻ ഭാര്യയ്ക്കൊപ്പവുമാണ് എസ്ഐടി ഓഫീസിൽ എത്തിയത്.
അന്താരാഷ്ട്ര പുരാവസ്തു ഇടപാടുകാരുമായി ബന്ധമുള്ള തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി ഡി മണിക്ക് തിരുവനന്തപുരത്ത് വച്ച് സ്വർണ ഉരുപ്പടികൾ വിറ്റെന്ന് പ്രവാസി വ്യവസായി എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. ഇത് ശബരിമലയിലെ ഉരുപ്പടികളാണെന്നാണ് അനുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഡി മണിയിൽ എത്തിയത്.
'തിരുവനന്തപുരത്തെ ഹോട്ടലിലാണ് പോറ്റിയും മണിയുമായി ഇടപാട് നടന്നത്. ഇതിന് താൻ സാക്ഷിയാണ്. കച്ചവടത്തിനായി ആദ്യം സമീപിച്ചത് തന്നെയാണ്. പുരാവസ്തുക്കളിൽ താത്പര്യമുള്ളതിനാൽ ദിണ്ഡിഗലിലെ ഡി മണിയുടെ വീട്ടിലെത്തിയപ്പോഴാണ് അമൂല്യവസ്തുക്കൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടത്. വിലപേശലിൽ തീരുമാനമുണ്ടാവാത്തതിനാൽ എല്ലാം കാണാൻ കഴിഞ്ഞില്ല. കച്ചവടം നടന്നില്ല. ലോഹക്കച്ചവടക്കാർക്കിടയിൽ മണി അറിയപ്പെടുന്നത് ദാവൂദ് മണിയെന്നാണ്'- എന്നാണ് വ്യവസായി മൊഴി നൽകിയത്.
മണിയുടെ നമ്പർ എസ്ഐടിക്ക് നൽകിയതും വ്യവസായിയാണ്. സ്വർണ ഉരുപ്പടികൾ ഡി മണി വഴി കടത്തിക്കൊണ്ടുപോയെന്നാണ് മൊഴി. വിമാനത്തിലാണ് മണി തിരുവനന്തപുരത്ത് എത്തിയത്. ദിണ്ഡിഗലിൽ നിന്ന് റോഡ് മാർഗമാണ് മണി പണമെത്തിച്ചത്. ശബരിമലയിലെ ഉന്നതരും ഇടപാടിന് സാക്ഷിയാണെന്നാണ് മൊഴി. സ്വർണപ്പാളികൾ അന്താരാഷ്ട്ര പുരാവസ്തു മാഫിയയ്ക്ക് കൈമാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് വെളിപ്പെടുത്തിയത്.