'പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ട്, മോദി വരുമ്പോൾ ഞങ്ങൾക്കും ചിലത് പറയാനുണ്ട്'; ശിവൻകുട്ടി

Tuesday 30 December 2025 11:36 AM IST

തിരുവനന്തപുരം: കോർപ്പറേഷനിലെ ഇ -ബസ് തർക്കത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ടെന്ന് മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. ഇ - ബസുകൾ നഗരപരിധിയിൽ മാത്രം ഓടിയാൽ മതിയെന്നും ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും മേയർ വി വി രാജേഷ് നേരത്തേ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ശിവൻകുട്ടി.

'തിരുവനന്തപുരം കോർപ്പറേഷനിലെ ജനിവിധി മാനിക്കുന്നു. പ്രതിപക്ഷമെന്ന നിലയിൽ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കും. പ്രധാനമന്ത്രി വരുമ്പോൾ കുറച്ചുകാര്യങ്ങൾ പറയാനുണ്ട്. തെരുവുനായ ശല്യം ഒഴിവാക്കാനുള്ള നടപടി ആവശ്യപ്പെട്ട് മേയർ കത്ത് നൽകണം. ഇടതുമുന്നണി യോഗത്തിൽ പിഎം ശ്രീയെക്കുറിച്ച് വിമർശനം ഉണ്ടായെന്ന വാർത്തകൾ വരുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് അറിയില്ല. കേരളത്തിന് അവകാശപ്പെട്ട ഫണ്ടാണിത്. മുഖ്യമന്ത്രിക്കെതിരെ വലിയ വികാരം എന്നും ചില വാർത്തകൾ കണ്ടു. മുഖ്യമന്ത്രിക്കെതിരെ ഒരു വികാരവും ഇല്ല. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല. ആരുടെയെങ്കിലും കുറവുകൊണ്ടല്ല തിരഞ്ഞെടുപ്പിലെ തിരിച്ചടി. ഇത് രാഷ്‌ട്രീയ ദുഷ്‌ടലാക്കോടെയുള്ള പ്രചാരണമാണ്.

കോൺഗ്രസ് ആർഎസ്‌എസിന്റെ റിക്രൂട്ടിംഗ് ഏജൻസിയായി മാറുകയാണ്. എൽഡിഎഫിനെ തോൽപ്പിക്കാൻ പച്ചയായ വോട്ട് കച്ചവടം നടത്തുന്നു. പിണറായി വിജയന്റെ വീട്ടിൽ നിന്ന് ആരും ബിജെപിയിൽ പോയിട്ടില്ല. കെ മുരളീധരന്റെ വീട്ടിൽ നിന്നാണ് ബിജെപി - കോൺഗ്രസ് പാലം. പിഎം ശ്രീ ഇപ്പോൾ നടപ്പാക്കുന്നില്ല. അതിനാൽ ഉടൻ സമിതി ചേരേണ്ട കാര്യമില്ല. നഗരസഭാ കെട്ടിടങ്ങൾ ദുരുപയോഗം ചെയ്യുന്നെങ്കിൽ കോർപ്പറേഷൻ പരിശോധിക്കുന്നത് നല്ല കാര്യമാണ്. പക്ഷേ കോർപ്പറേഷന്റെ അധികാരങ്ങളും സർക്കാർ അധികാരങ്ങളും തിരിച്ചറിയണം ' - ശിവൻകുട്ടി പറഞ്ഞു.