86കാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കടയിലും മതിലിലും ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം
പത്തനംതിട്ട: കോഴഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്കും സമീപത്തെ മതിലുകളിലേക്കും ഇടിച്ചുകയറി. ബേക്കറിയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന 86 വയസുകാരൻ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. റോഡിലും സമീപത്തെ സ്‌കൂൾ പരിസരത്തും ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഇക്കഴിഞ്ഞ 27ന് രാവിലെ പതിനൊന്നരയോടെ കോഴഞ്ചേരി പഴയതെരുവിനടുത്താണ് സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. ബേക്കറിയിൽ നിന്ന് സാധനങ്ങൾ വാങ്ങി കാർ എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ആദ്യം ബേക്കറിയുടെ ഗ്ലാസ് ഡോർ തകർത്ത വാഹനം, പിന്നീട് അമിതവേഗതയിൽ പിന്നോട്ട് നീങ്ങി സമീപത്തെ സ്‌കൂൾ മതിലിന് അടുത്തേക്ക് പാഞ്ഞു. അവിടെ നിന്നും നിയന്ത്രണം വിട്ട് മറ്റൊരു മതിലിൽ ഇടിച്ചാണ് കാർ നിന്നത്.
അപകടം നടന്ന സമയത്ത് റോഡിൽ മറ്റ് വാഹനങ്ങളോ സ്‌കൂൾ കുട്ടികളോ ഇല്ലാതിരുന്നത് ഭാഗ്യമായെന്ന് നാട്ടുകാർ പറയുന്നു. മുൻപും ഇദ്ദേഹം സമാനമായ രീതിയിൽ അപകടം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം. വാർദ്ധക്യസഹജമായ അസുഖങ്ങളോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഉള്ളവർ വാഹനം നിരത്തിലിറക്കുന്നത് മറ്റുള്ളവരുടെ ജീവനു കൂടി ഭീഷണിയാണെന്നും, ഇത്തരം കാര്യങ്ങളിൽ കർശന നിയന്ത്രണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.