ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്‌തു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്‌തുവെന്നാണ് വിവരം. ഇക്കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു ചോദ്യംചെയ്യൽ. സ്വർണക്കൊള്ള നടന്ന സമയത്ത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന മന്ത്രി എന്ന നിലയിലാണ് ചോദ്യം ചെയ്‌തതെന്നാണ് അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവർ പറയുന്നത്.
അതേസമയം, ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന പരാതിയിൽ ഡി മണിയെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തു. അന്വേഷണ സംഘം ആവശ്യപ്പെട്ടത് പ്രകാരം ഇന്ന് രാവിലെ ഡി മണി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാവുകയായിരുന്നു. മണിയുടെ സുഹൃത്ത് ബാലമുരുകനും ചോദ്യംചെയ്യലിന് ഹാജരായി. ഡി മണിയെ ഡിണ്ടിഗലിലെത്തി അന്വേഷണ സംഘം ചോദ്യംചെയ്‌തിരുന്നു. എന്നാൽ, ആരോപണങ്ങൾ ഇയാൾ പൂർണമായും തള്ളി. വിഗ്രഹക്കടത്തിൽ പങ്കില്ലെന്നാണ് മണി മൊഴി നൽകിയിരുന്നത്. ശബരിമലയിലെ ഒരു ഉന്നതന്റെ സഹായത്തോടെ ഉണ്ണികൃഷ്‌ണൻ പോറ്റി ഇടപെട്ട് ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തി എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി.