'മുടിയില്ലാത്തതാണ് എന്റെ സൗന്ദര്യം'; കുത്തിനോവിക്കുന്ന വാക്കുകൾക്കും നോട്ടങ്ങൾക്കുമിടയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമാണീ നർത്തകി

Tuesday 30 December 2025 1:52 PM IST

നീണ്ട ഇടതൂർന്ന മുടിയുടെയും സ്റ്റൈലൻ മുടിയുടെയും കാലത്ത് മുടിയൊന്നുമില്ലാതെതന്നെ ആത്മവിശ്വാസത്തിന്റെ പ്രതീകമാവുകയാണ് ഒരു 28കാരി. ജീവിതം വലിയ ആഘാതങ്ങൾ ഏൽപ്പിച്ചിട്ടും പുഞ്ചിരിയോടെ നേരിടുന്ന അശ്വതി വേറിട്ട വ്യക്തിത്വമാണ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ അശ്വതി എസ് ആറിന്റെ ഏറ്റവും വലിയ ആകർഷണം മുടിയില്ലാത്ത തലയാണ്. എന്നിരുന്നാലും ചുറ്റുമുള്ളവരുടെ കുത്തിനോവിക്കുന്ന ചോദ്യങ്ങൾക്കും നോട്ടങ്ങൾക്കുമിടയിൽ നിന്ന് മികച്ചൊരു നർത്തകി എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ എന്ന നിലയിലും അശ്വതി താരമാവുകയാണ്. വരുമാനത്തിനായി ലോൺട്രി സർവീസ് സ്ഥാപനത്തിലും ജോലി നോക്കുന്നു.

തലമുടി മുതൽ കൺപീലി വരെ ശരീരത്തിലെ എല്ലാ രോമങ്ങളും കൊഴിഞ്ഞുപോകുന്ന അലോപേഷ്യ ടോട്ടാലിസ് എന്ന രോഗാവസ്ഥയാണ് അശ്വതിക്കുള്ളത്. കുഞ്ഞുനാൾ മുതൽ മുടി വട്ടത്തിൽ കൊഴിഞ്ഞുപോകുമായിരുന്നുവെങ്കിലും പിന്നീട് വീണ്ടും വളർന്നുവരുമായിരുന്നതിനാൽ കാര്യമായി എടുത്തിരുന്നില്ല.

കുട്ടിക്കാലം മുതൽതന്നെ നൃത്തത്തോട് അശ്വതിക്ക് പ്രിയമേറെയായിരുന്നു. നൃത്തം പഠിച്ചിട്ടില്ലെങ്കിലും അമ്പലങ്ങളിലെ ഉത്സവങ്ങളിൽ നൃത്ത പരിപാടികളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. പിന്നീട് അശ്വതി ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർ എന്ന പരിപാടിയിൽ ബാക്ക് ഗ്രൗണ്ട് ഡാൻസറായും പേരെടുത്തു. പത്താം ക്ളാസ് കഴിഞ്ഞപ്പോഴാണ് പരിപാടിയിലെത്തിയത്. പിന്നീട് 12 വർഷത്തോളം പരിപാടിയിലെ സ്ഥിരം ബാക്ക് ഗ്രൗണ്ട് ഡാൻസറായിരുന്നു. അവിടെവച്ച് ഷീജി വർഗീസ് എന്ന ഡാൻസ് മാസ്റ്ററെ പരിചയപ്പെടുകയും ഡാൻസ് ട്രൂപ്പിലെ അംഗമാവുകയും ചെയ്തു. കോമഡി സ്റ്റാറിൽ വച്ച് പരിപാടിയിലെ ജഡ്‌ജുമാരും നടന്മാരുമായ ഇന്നസെന്റിനെയും മണിയൻ പിള്ള രാജുവിനെയും പരിചയപ്പെട്ടത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് അശ്വതി പറയുന്നു. ഇന്നസെന്റിന് തന്നോട് വലിയ കാര്യമായിരുന്നുവെന്നും മണിയൻ പിള്ള രാജു ഒരു വിഗ് സമ്മാനിച്ചുവെന്നും അശ്വതി പങ്കുവച്ചു.

മേക്കപ്പിന്റെ ഭാഗമായി തലമുടിയിൽ സ്‌പ്രേ ഉപയോഗിക്കുമായിരുന്നു. ഹെയർ സ്‌‌മൂത്തനിംഗും ഒരിക്കൽ ചെയ്തു. ഇതിനുശേഷമാണ് മുടി കൊഴിയാൻ ആരംഭിച്ചതെങ്കിലും യഥാർത്ഥ കാരണം വ്യക്തമല്ല. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കഴക്കൂട്ടം വിമൺസ് ഐടിഐയിൽ നിന്ന് ഫാഷൻ ഡിസൈനിംഗ് കോഴ്‌സ് പാസായി. ഈ സമയത്തുതന്നെ മുടി പൂർണമായി കൊഴിഞ്ഞുപോകാൻ തുടങ്ങിയിരുന്നു. 21ാം വയസിലാണ് മുടി പൂർണമായും നഷ്ടമായത്. കൺപീലികളും പുരികവും വരെ കൊഴിഞ്ഞുപോയി.

ജീവിതത്തിലെ ആദ്യത്തെ വലിയ ആഘാതമായിരുന്നു അത്. പിന്നീട് അശ്വതി പുറത്തിറങ്ങാതെയായി. ആളുകളുടെ ചോദ്യങ്ങളും പരിഹാസങ്ങളും ക്രൂരമായി നോവിച്ചു. ആദ്യം സ്വകാര്യ ആശുപത്രിയിൽ കാണിച്ചെങ്കിലും ചികിത്സ ഫലിച്ചില്ല. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി. അവിടെ ഡോക്‌ടറാണ് അലോപേഷ്യ ആണെന്ന് കണ്ടെത്തിയത്. ചികിത്സയുടെ ഭാഗമായി തലയിലെടുക്കുന്ന ഇൻജക്ഷൻ അടക്കമുള്ളവ വേദനിപ്പിച്ചപ്പോൾ ചികിത്സ നിർത്താമെന്ന് അശ്വതി സ്വയം തീരുമാനിച്ചു. ഇതിന് പൂർണ പ്രതിവിധിയില്ലെന്ന് ഡോക്‌ടർ പറ‍‍ഞ്ഞതും ചികിത്സ നിർത്താൻ പ്രേരകമായി. അശ്വതിയുടെ അവസ്ഥ വീട്ടുകാരിലും വലിയ വേദനയുളവാക്കി. തല മറച്ച് പുറത്തിറങ്ങാനായിരുന്നു ആദ്യം അവർ പറഞ്ഞിരുന്നത്. എന്നാൽ വേദനയിലും പൂർണ പിന്തുണയുമായി സഹോദരി ഒപ്പം നിന്നു.

ഇതിനിടെ വിവാഹിതയായി. തന്റെ അവസ്ഥയെല്ലാം പൂർണമായി മനസിലാക്കിയ സ്‌കൂളിലെ സീനിയർ വിവാഹം കഴിക്കാൻ താത്‌പര്യമറിയിച്ച് മുന്നോട്ട് വരികയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വീട്ടുകാർക്ക് വിവാഹത്തിന് സമ്മതമായിരുന്നില്ല. വീട്ടുകാരെ എതിർത്ത് വിവാഹം ചെയ്തുവെങ്കിലും രണ്ട് മക്കളായതിനുശേഷം ദാമ്പത്യജീവിതത്തിൽ ഉലച്ചിൽ വന്നു. വിദേശത്തേയ്ക്കുപോയ ഭർത്താവ് പിന്നെ തിരികെ അന്വേഷിച്ചെത്തിയില്ല.

ഇതിനിടെ മറ്റൊരു ആഘാതമായി അനുജത്തിയുടെ മരണം. എന്തിനും താങ്ങും തണലുമായി നിന്ന അനുജത്തി അപർണ കുടുംബപ്രശ്നങ്ങളെത്തുടർന്ന് ജീവനൊടുക്കുകയായിരുന്നു. പിതാവ് ശശിധരൻ രോഗബാധിതനായി കിടപ്പിലായതും അശ്വതിക്ക് വലിയ തിരിച്ചടിയായി. അമ്മ രമാകുമായി തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിൽ നിന്നും അശ്വതിയുടെ വരുമാനത്തിൽ നിന്നുമാണ് അഞ്ചംഗ കുടുംബം പുലരുന്നത്.

തന്നെ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാൻ പ്രേരിപ്പിച്ചത് നൃത്തമാണെന്ന് അശ്വതി പറയുന്നു. ഷീജി വർഗീസ് മാസ്റ്റർ പരിചയപ്പെടുത്തിയ അസിസ്റ്റന്റ് കൊറിയോഗ്രാഫറായ നോയലിനൊപ്പം നൃത്തം ചെയ്തുള്ള റീലുകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്. ഇൻസ്റ്റാഗ്രാമിൽ 25k ഫോളോവേഴ്സും അശ്വതിക്കുണ്ട്. തല മൊട്ടയടിച്ച നർത്തകി ആദ്യം അത്ഭുതമായിരുന്നുവെങ്കിലും പിന്നീട് സമൂഹമാദ്ധ്യമ ഉപഭോക്തക്കൾ അശ്വതിയുടെ ഫാനായി മാറി. ഇപ്പോൾ ഓരോ ഡാൻസ് റീലുകൾക്കും ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ലഭിക്കുന്നത്. തന്റെ ജീവിതത്തിൽ കരുത്തായ എല്ലാവർക്കും നന്ദി പറയുകയാണ് അശ്വതി. മാതാപിതാക്കളും കരുത്തായിരുന്ന അനുജത്തിക്കും പുറമെ നൃത്തത്തിലൂടെ പുതുവഴി തുറന്ന ഷീജി മാസ്റ്ററോടും നോയൽ ചേട്ടനോടും ഒപ്പം നൃത്തം ചെയ്യുന്ന ബാലു ചേട്ടനോടും വീഡിയോ ചിത്രീകരിക്കുന്ന വിഷ്ണുവിനോടും ജോലി നൽകിയ ബിന്ദു ചേച്ചിയോടും ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് നാലു വയസുകാരി ആദ്യയുടെയും മൂന്ന് വയസുകാരി വേദ്യയുടെയും അമ്മയായ അശ്വതി പറയുന്നു.