മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

Tuesday 30 December 2025 2:31 PM IST

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു. നിയമസെക്രട്ടറി ആയിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരിലാൽ ആണ് മറ്റൊരു മകൻ. മോഹൻലാൽ എളമക്കരയിലെ വീട്ടിലെത്തിയിട്ടുണ്ട്. പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ് ശാന്തകുമാരി. സംസ്കാരം നാളെ തിരുവനന്തപുരത്ത്.

മോഹൻലാലിന്റെ സിനിമാ ജീവിതത്തിൽ വലിയ സ്വാധീനമായിരുന്നു ശാന്തകുമാരി. അമ്മയുമായി അതീ തീവ്ര ഹൃദയബന്ധമാണ് മോഹൻലാൽ പുലർത്തിയിരുന്നത്. ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം നേടിയ ശേഷം കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മയെയായിരുന്നു. അമ്മയുടെ കഴിഞ്ഞ പിറന്നാൾ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് മോഹൻലാൽ ആഘോഷമാക്കിയിരുന്നു.