പോറ്റിയെ അറിയാമോ സഖാവേ? അറിയാമെന്ന് കടകംപള്ളി, ചോദ്യംചെയ്യൽ സ്ഥിരീകരിച്ച് മുൻ ദേവസ്വം മന്ത്രി

Tuesday 30 December 2025 2:44 PM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്‌തെന്ന് സ്ഥിരീകരിച്ച് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുൻ മന്ത്രി എന്ന നിലയിൽ തനിക്ക് അറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്. ഉണ്ണികൃഷ്‌ണൻ പോറ്റിയെ അറിയാമെന്നും കടകംപള്ളി സുരേന്ദ്രൻ എസ്‌ഐടിയോട് സമ്മതിച്ചു.

രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. 2019ലെ കാര്യങ്ങളാണ് എസ്‌ഐടി ചോദിച്ചത്. സ്വർണം പൂശാൻ ബോർഡ് അപേക്ഷ നൽകിയിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. സ്വർണം പൂശിയ കാര്യം ബോർഡ് സർക്കാരിനെ അറിയിച്ചില്ല. മന്ത്രിയെന്ന നിലയിൽ ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ശബരിമല ഭക്തനെന്ന നിലയിലും സംഭാവനകൾ നൽകിയ വ്യക്തിയെന്ന നിലയിലുമാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയെ പരിചയമെന്നും കടകംപള്ളി അന്വേഷണ സംഘത്തോട് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്‌ചയാണ് കടകംപള്ളിയെ ചോദ്യം ചെയ്‌തതെങ്കിലും വാർത്ത പുറത്തുവരുന്നത് ഇന്നാണ്. എസ്‌ഐടി നേരിട്ടുകണ്ട് മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം. കടകംപള്ളിക്ക് പുറമേ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിൽ നിന്നും എസ്‌ഐടി മൊഴിയിയെടുത്തിട്ടുണ്ട്.

സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴിയനുസരിച്ചാണ് അന്വേഷണസംഘം കടകംപള്ളിയുടെ മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരം. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പ് കാരണമാണ് കടകംപള്ളിയുടെ മൊഴിയെടുക്കാൻ ഇത്രയും വൈകിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.