സഹോദരൻ അയ്യപ്പൻ സ്മാരകം പ്രതിസന്ധിയിൽ; ജീവനക്കാർക്ക് മൂന്ന് മാസമായി ശമ്പളമില്ല

Wednesday 31 December 2025 1:34 AM IST

വൈപ്പിൻ: കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനായ സഹോദരൻ അയ്യപ്പന്റെ സ്മരണയ്ക്കായി സർക്കാർ ഏറ്റെടുത്ത അദ്ദേഹത്തിന്റെ ജന്മഗൃഹം സാമ്പത്തിക പ്രതിസന്ധിയിൽ. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനമാണെങ്കിലും സാമ്പത്തിക കാര്യങ്ങൾക്കായി ധനകാര്യ വകുപ്പിനെയാണ് ആശ്രയിക്കുന്നത്. സ്മാരകത്തിന്റെ നടത്തിപ്പിനായി പ്രതിവർഷം അഞ്ച് ലക്ഷം രൂപയാണ് ഗ്രാന്റായി അനുവദിക്കുന്നത്. എന്നാൽ, പലപ്പോഴും ഗഡുക്കളായി ലഭിക്കുന്ന ഈ തുകയിൽ ഈ വർഷം ഒരു ലക്ഷം രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്.

ജീവനക്കാർ ദുരിതത്തിൽ

ജീവനക്കാരുടെ ശമ്പളം ട്രഷറി സേവിംഗ്‌സ് ബാങ്ക് (ടി.എസ്.ബി) അക്കൗണ്ടിലൂടെ മാത്രമേ നൽകാവൂ എന്ന ധനവകുപ്പിന്റെ ഉത്തരവാണ് നിലവിൽ ശമ്പളവിതരണത്തിന് തടസമായത്. ടി.എസ്.ബി അക്കൗണ്ട് തുറക്കുന്നതിനാവശ്യമായ എൻ.ഒ.സി ധനവകുപ്പിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ഇതോടെ സ്മാരകത്തിലെ അഞ്ച് ജീവനക്കാർക്ക് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. 5250 രൂപ മുതൽ 12750 രൂപ വരെ മാത്രം ശമ്പളമുള്ള ജീവനക്കാരാണ് ഇതോടെ ദുരിതത്തിലായത്.

മേൽക്കൂര കെട്ടിമേയുന്നതിനും തടസം

മൂന്ന് നിലകളിലുള്ള ലൈബ്രറി മന്ദിരവും ഓഡിറ്റോറിയവും ഉൾപ്പെടുന്നതാണ് സ്മാരകം. സഹോദരൻ അയ്യപ്പൻ ജനിച്ച കാലത്തെ ഓലമേഞ്ഞ വീട് അതേപടി നിലനിറുത്തിയിട്ടുണ്ട്. ഇതിന്റെ മേൽക്കൂര കെട്ടിമേയാൻ 55,000 രൂപയോളം ചെലവ് വരും. സാധാരണയായി ജനുവരിയിൽ ഫണ്ട് ലഭിക്കുകയും ഫെബ്രുവരിയിൽ മേൽക്കൂര കെട്ടിമേയുകയുമാണ് പതിവ്. എന്നാൽ ഇത്തവണ ഫണ്ട് ലഭിക്കാത്തതിനാൽ ഇതിനും തടസം നേരിടാൻ സാദ്ധ്യതയുണ്ട്.

വാടക ഇനത്തിൽ നിന്ന്

ശമ്പളം നൽകണമെന്നാവശ്യം

സർക്കാർ നിയോഗിച്ച കമ്മിറ്റിക്കാണ് സ്മാരകത്തിന്റെ ഭരണച്ചുമതല. സെക്രട്ടറിക്ക് പ്രതിമാസ അലവൻസ് അനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥാപനത്തിന്റെ സാമ്പത്തികാവസ്ഥയും ജീവനക്കാരുടെ ശമ്പളമില്ലായ്മയും പരിഗണിച്ച് അദ്ദേഹം കുറേ നാളുകളായി അലവൻസ് കൈപ്പറ്റുന്നില്ല. ധനവകുപ്പിന്റെ സാങ്കേതിക നടപടികൾ പൂർത്തിയാകുന്നത് വരെ, വാടക ഇനത്തിൽ സ്മാരകത്തിന് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ശമ്പളം നൽകാൻ നടപടി വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.