'ഒരു മുറിയെന്ന് പറയാനാവില്ല'; ചെറിയ ഒരിടത്ത് സേവനം തുടങ്ങിയെന്ന് ശ്രീലേഖ, വീണ്ടും വിവാദം

Tuesday 30 December 2025 4:59 PM IST

തിരുവനന്തപുരം: വികെ പ്രശാന്ത് എംഎൽഎയുമായുള്ള കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് വിവാദം വിടാതെ ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖ. ചെറിയ ഒരിടത്ത് താൻ സേവനം തുടങ്ങിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീലേഖ പ്രതികരിച്ചു.

ഭാരതാംബയുടെ ചിത്രം കസേരയിൽ വച്ച് വിളക്ക് കൊളുത്തി കൗൺസിലർ ഓഫീസിലെ പ്രവർത്തനം ഇന്നുമുതൽ ശ്രീലേഖ ആരംഭിച്ചു. ഇതിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഒരു മുറിയെന്ന് പറയാൻ ആവില്ലെന്നും ചെറിയ ഒരിടം മാത്രമാണ് ഇതെന്നും ശ്രീലേഖ കുറിച്ചു. കഷ്ടിച്ച് 75 സ്ക്വയർ ഫീറ്റ് മാത്രം. ചുറ്റും മാലിന്യമാണെന്നും അവർ കുറിപ്പിൽ വ്യക്തമാക്കി.

ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിലെ വി കെ പ്രശാന്തിന്റെ ഓഫീസ് ഒഴിയണമെന്ന് നേരത്തെ ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടത്. വിഷയം വിവാദമായതോടെ താൻ കൗൺസിൽ ഓഫീസിൽ തന്നെ തുടരുമെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്. പിന്നാലെയാണ് വിഷയം വീണ്ടും ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

ഇന്ന് മുതൽ സേവനം തുടങ്ങി.

ഒരു മുറിയെന്ന് പറയാൻ ആവില്ല... ചെറിയ ഒരിടം. ആത്മാർത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവർത്തിക്കാം...

ഇന്ന് ഉച്ച വരെ ഇവിടെ വന്നത് 18 പേർ. അവരെ സഹായിച്ചതിൽ തൃപ്തി. അത് മതി. എന്റെ ഇത്തിരിപ്പോന്ന കുഞ്ഞ് ഓഫീസ് മുറി. കഷ്ടിച്ചു 70-75 sq ഫീറ്റ്. പക്ഷെ ചുറ്റിനും ton കണക്കിന് waste!