തന്റെ പശുക്കളുടെ പാൽ മാത്രം പിരിഞ്ഞുപോകുന്നെന്ന് വിചിത്ര വാദം, സൊസൈറ്റിയുടെ മുന്നിൽ യുവ കർഷകന്റെ 'പാൽകുളി' പ്രതിഷേധം

Tuesday 30 December 2025 8:33 PM IST

കൊല്ലം: തന്റെ പശുക്കളുടെ പാൽ മാത്രം പിരിഞ്ഞുപോകുന്നെന്ന വിചിത്ര വാദത്തിനെതിരെ സൊസൈറ്റിയ്‌ക്ക് മുന്നിൽ യുവ കർഷകന്റെ വ്യത്യസ്‌തമായ പ്രതിഷേധം. കൊല്ലം പരവൂരിലാണ് സംഭവം. കൂനയിൽ ക്ഷീരോത്‌പാദക സംഘത്തിന്റെ മുന്നിൽ വച്ച് യുവ ക്ഷീരകർഷകനായ വിഷ്‌ണു താൻ കൊണ്ടുവന്ന പാൽ തലയിലൂടെയൊഴിച്ചാണ് പ്രതിഷേധം നടത്തിയത്. തന്റെ പശുക്കളുടെ പാൽ മാത്രം പിരിഞ്ഞുപോകുന്നെന്ന സൊസൈറ്റിയുടെ വിചിത്ര വാദമാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

തന്റെ പ്രതിഷേധം യുവാവ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ഈ വീഡിയോ ഏറെ ശ്രദ്ധ നേടി. സൊസൈറ്റിയിൽ താൻ എത്തിച്ച പാൽ മറ്റ് കർഷകരുടെ പേരിൽ ബില്ലെഴുതിയെടുത്തത് കണ്ടുപിടിച്ചതിന്റെ വൈരാഗ്യത്തിലാണ് സൊസൈറ്റി പാൽ സ്വീകരിക്കാത്തതെന്ന് കർഷകൻ ആരോപിക്കുന്നു. 'ഞാൻ ഒരു മാസം പത്തറുപത് പശുക്കളെ വിൽക്കുന്ന കർഷകനാണ്. താൻ പശുക്കളെ വിൽക്കുന്ന അസൂയകൊണ്ടാണ് ഇവർ പാലെടുക്കാത്തത്. കൊടുക്കുന്ന പാൽ മറ്റൊരാളുടെ പേരിലേക്ക് മാറ്റിയൊഴിക്കുന്ന സംഭവമുണ്ട്. സൊസൈറ്റിയുടെ ഈ നിലപാടുകൊണ്ട് ഏറെ കഷ്‌ടപ്പെടുകയാണ്. തന്നെ ദ്രോഹിക്കുകയാണ്.' വിഷ്‌ണു വീഡിയോയിൽ പറയുന്നു.

സൊസൈറ്റിയിൽ കള്ളക്കളിയാണ് നടക്കുന്നതെന്നും തനിക്കെതിരെ സൊസൈറ്റി അധികൃതർ കള്ളക്കേസ് നൽകിയെന്നും വിഷ്‌ണു ആരോപിക്കുന്നു. എന്നാൽ വിഷ്‌ണു കൊണ്ടുവരുന്ന പാലിന്റെ ഡെൻസിറ്റി കൃത്യമല്ലെന്നും പിരിഞ്ഞുപോകുന്നുണ്ടെന്നുമാണ് സൊസൈറ്റി അധിക‌ൃതർ നൽകുന്ന മറുപടി.