'മന്ത്രി അങ്കിൾ അവധിക്ക് സ്കൂളിൽ ക്ളാസ്, വിലക്കണം ', ശിവൻകുട്ടിയെ ഫോണിൽ വിളിച്ച് ഏഴാംക്ളാസുകാരൻ
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് കോഴിക്കോട്ട് മേപ്പയൂരിൽ നിന്ന് ഇന്നലെ രാവിലെ ഒരു ഫോൺ കോൾ, വിളിച്ചത് ഏഴാം ക്ളാസുകാരൻ. കീഴ്പയൂർ എ.യു.പി സ്കൂളിൽ അവധിക്കാലത്ത് ക്ളാസെടുക്കുന്നുണ്ടെന്നാണ് പരാതി. ഏതൊക്കെ ക്ളാസാണ് എടുക്കുന്നതെന്ന മന്ത്രിയുടെ ചോദ്യത്തിന്, കുറച്ചു സമയമേ എടുക്കുന്നുള്ളൂവെന്നും യു.എസ്.എസ് ക്ളാസാണെന്നുമായിരുന്നു അമ്മയുടെ മറുപടി. ക്ളാസെടുക്കുന്നത് അമ്മയ്ക്ക് ഇഷ്ടമായിരിക്കും മോന് ഇഷ്ടമായിരിക്കില്ല അല്ലേ എന്നായി മന്ത്രി. അവന് കളിക്കാൻ വേണ്ടി പറയുകയാണെന്നായി അമ്മ. കളിക്കേണ്ട സമയമാണിത്. ക്ളാസൊന്നും നടത്തേണ്ട കാര്യമില്ലെന്ന് പറഞ്ഞ മന്ത്രി ഫോൺ മകന് കൊടുക്കാൻ ആവശ്യപ്പെട്ടു.
അപ്പോൾ, താനാണ് വിളിച്ചതെന്ന് സ്കൂളിൽ പറയരുതെന്നായി കുട്ടി. മോന്റെ പേര് പറയുന്ന പ്രശ്നമില്ലെന്ന് മന്ത്രിയുടെ ഉറപ്പ്. പക്ഷേ കളിയുടെ ഒപ്പം പഠിത്തവും വേണം. പഠിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് കുട്ടി. കളിയാണ് കൂടുതലെന്നായി അമ്മ. നിങ്ങൾ എപ്പോഴും അവനെ ട്യൂഷൻ പഠിപ്പിക്കേണ്ടതില്ല കേട്ടോ... മന്ത്രി പറഞ്ഞു. ഇല്ലെന്നും സ്കൂളിൽ നിന്നുള്ള പഠിത്തമേ ഉള്ളുവെന്നും അമ്മ പറഞ്ഞു.
കുട്ടികൾ പഠിക്കേണ്ട സമയത്ത് പഠിക്കുകയും കളിക്കേണ്ട സമയത്ത് കളിക്കുകയും വേണമെന്ന കുറിപ്പോടെ, തിരുവനന്തപുരം ഓഫീസിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ കുട്ടിയോട് സംസാരിക്കുന്നതിന്റെ വീഡിയോ മന്ത്രി ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയായിരുന്നു. അവധിക്കാലത്ത് കളിക്കാനും ആഘോഷിക്കാനും കുട്ടികൾക്കുള്ള അവകാശം നിഷേധിക്കരുതെന്ന് നേരത്തേ മന്ത്രി പറഞ്ഞിരുന്നു. കുട്ടി വിളിച്ചത് എന്തായാലും ഫലം കണ്ടു. അവധിക്കാല ക്ളാസ് സ്കൂൾ അധികൃതർ ഉപേക്ഷിച്ചു.