വിപണിയിൽ ചാഞ്ചാട്ടം ശക്തമാകുന്നു

Wednesday 31 December 2025 12:29 AM IST

സ്വർണ വില മൂക്കുകുത്തി

കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നലെ സ്വർണ വില മൂക്കുകുത്തി. റഷ്യയും ഉക്രെയിനുമായുള്ള യുദ്ധം അവസാനിക്കാൻ സാദ്ധ്യതയേറിയതും ചൈന ലോഹങ്ങളുടെ കയറ്റുമതി നിയന്ത്രണം ഒഴിവാക്കിയതുമാണ് പ്രധാനമായും സ്വർണത്തിൽ നിന്ന് പണം പിൻവലിക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി ഉയരുന്നതിനാൽ പലിശ കുറയ്ക്കുന്നതിലെ അനിശ്ചിതത്വവും സ്വർണ വിപണിക്ക് തിരിച്ചടിയായി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതും പ്രതികൂലമായി. തിങ്കളാഴ്ച സ്വർണത്തിന്റെ രാജ്യാന്തര വില ഔൺസിന് 4,320 ഡോളർ വരെ ഇടിഞ്ഞിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 89.8ന് അടുത്താണ്.

കേരളത്തിൽ ഇന്നലെ പവൻ വില 2,120 രൂപ കുറഞ്ഞ് 99,880 രൂപയിലെത്തി. ഗ്രാമിന്റെ വില 265 രൂപ ഇടിഞ്ഞ് 12,485 രൂപയായി. രണ്ട് ദിവസത്തിനിടെ പവൻ വിലയിൽ 3,680 രൂപയുടെ ഇടിവാണുണ്ടായത്.

രാജ്യാന്തര വില തിരിച്ചുകയറുന്നു

വർഷാന്ത്യത്തിൽ നിക്ഷേപകർ വീണ്ടും വാങ്ങൽ താത്പര്യം ഉയർത്തിയതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില തിരിച്ചുകയറുന്നു. തിങ്കളാഴ്ച ഔൺസിന് 120 ഡോളർ ഇടിഞ്ഞതിനു ശേഷം ഇന്നലെ വില വീണ്ടും 4,400 ഡോളറിന് അടുത്തെത്തി. ഇതോടെ ഇന്ന് കേരളത്തിൽ പവൻ വില ഉയർന്നേക്കും.

ലാഭമെടുപ്പ് തിരിച്ചടി

നിക്ഷേപകർ ലാഭമെടുക്കാനായി പൊസിഷനുകൾ വിറ്റുമാറിയതാണ് തിങ്കളാഴ്ച സ്വർണം, വെള്ളി വിപണികൾക്ക് തിരിച്ചടിയായത്. ഒരവസരത്തിൽ വെള്ളി വില റെക്കാഡ് ഉയരത്തിൽ നിന്ന് 13 ശതമാനം വരെ ഇടിവ് നേരിട്ടു.

പവൻ@99,880 രൂപ