സ്വർണവില നിർണയം: വിശ്വാസ്യത സംരക്ഷിക്കണമെന്ന് എം.പി അഹമ്മദ്

Wednesday 31 December 2025 12:31 AM IST

കോഴിക്കോട്: വില നിർണയത്തിൽ അംഗീകൃതമായ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ പ്രവണതകൾ സ്വർണവ്യാപാരത്തിലെ വിശ്വാസ്യതയ്ക്ക് മങ്ങലുണ്ടാക്കുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി അഹമ്മദ് പറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ സ്വർണവില, രൂപയുടെ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സ്വർണവില നിശ്ചയിക്കുന്നത്. കസ്റ്റംസ് തീരുവ നിശ്ചിത കാലത്തേക്ക് സ്ഥിരമാണ്. എന്നാൽ അന്താരാഷ്ട്ര സ്വർണ വിലയും ഇന്ത്യൻ രൂപയുടെ മൂല്യവും മാറുന്നതിനാലാണ് ഓരോ ദിവസവും വില നിർണയിക്കുന്നത്. ഗോൾഡ് മർച്ചന്റ്സ് അസോസിയേഷനുകളാണ് കേരളത്തിൽ വില നിർണയം വിശ്വാസ്യതയോടെയും കൃത്യമായും നടത്തുന്നത് . രാവിലെ ഒമ്പതരയ്ക്കു മുമ്പ് വില പ്രസിദ്ധപ്പെടുത്തും. വിപണിയിൽ അസാധാരണ മാറ്റങ്ങളുണ്ടായാൽ മാത്രമേ വിലനിർണയത്തിൽ മാറ്റം വരുത്താറുള്ളു. എന്നാൽ കഴിഞ്ഞ ദിവസം ഒരു വിഭാഗം വ്യാപാരികൾ ഏകപക്ഷീയമായും നിലവിലുള്ള ധാരണയ്ക്ക് വിരുദ്ധമായും വൈകിട്ട് അഞ്ചു മണിക്ക് ശേഷം ഗ്രാമിന് 110 രൂപ വില വർദ്ധിപ്പിച്ചു. അതിന്റെ കാരണം ഉപഭോക്താക്കളോട് വിശദീകരിക്കാനും അവർക്ക് കഴിഞ്ഞില്ല. ഇത്തരം പ്രവണതകൾ വ്യാപാര മേഖലയിലെ വിശ്വാസ്യത തകർക്കും. ഉപഭോക്താക്കൾ, നിക്ഷേപകർ ഈ മേഖലയിൽ ജോലിചെയ്യുന്നവർ തുടങ്ങി എല്ലാവരിലും ആശങ്കയുണ്ടാക്കുന്ന നീക്കമാണിതെന്നും എം.പി അഹമ്മു് പറഞ്ഞു.